മുംബൈ- കങ്കണ റണാവത്ത് കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന് ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫ്‌ളാറ്റിന്റെ പ്ലാനില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഖാറിലെ ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്.
കെട്ടിട നിര്‍മ്മാണത്തിന് നല്‍കിയ അനുമതി ലംഘിച്ച് കൊണ്ട് അനധികൃതമായി മൂന്ന് ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്ത കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.ഖാര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്‌ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുവായ സ്ഥലവുമെല്ലാം കയ്യേറിയാണ് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയതെന്നും ജഡ്ജി നിരീക്ഷിച്ചു. 'ഇതെല്ലാം അനുമതി നല്‍കിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണ്. മറ്റ് മാറ്റങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്റെ അനുമതി നിര്‍ബന്ധമായും വേണമായിരുന്നു', കോടതി നിരീക്ഷിച്ചു.