തൊടുപുഴ- ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും പുതുവര്‍ഷ സമ്മാനമായി ദൃശ്യം 2 ടീസര്‍ എത്തി. ജോര്‍ജുകുട്ടിയും കുടുംബവും ഉടന്‍ ആമസോണ്‍ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.ദൃശ്യം 2 ഒ.ടി.ടി റിലീസ് ആമസോണ്‍ പ്രൈമിലെത്തുന്നതിന്റെ മുന്നോടിയായി പുതുവര്‍ഷ ദിനത്തില്‍ ടീസര്‍ പുറത്തറങ്ങി. കോവിഡ് കാലത്ത് നിശ്ചലമായ സിനിമാവ്യവസായത്തിന് ദൃശ്യത്തിന്റെ തിയേറ്റര്‍ റിലീസ് ഗുണകരമാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. തിയേറ്ററില്‍ വിജയം നേടുമെന്ന വലിയ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതേക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നതിങ്ങനെ- സിനിമ തുടങ്ങുമ്പോള്‍ വിചാരിച്ചിരുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് തന്നെയായിരുന്നു. ഡിസംബറോടെ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരമാകുമെന്നായിരുന്നു ജൂണിലും വിചാരിച്ചിരുന്നത്. അങ്ങനെ ജനുവരിയിലെങ്കിലും ചിത്രമിറക്കാമെന്നായിരുന്നു കരുതിയിരുന്നത്. എല്ലാം നീണ്ടുനീണ്ടു പോയി. ഇതിനിടിയില്‍ ആമസോണ്‍ ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കുന്നുണ്ടായിരുന്നു. തിയേറ്ററില്‍ ഇറങ്ങി കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് തീരുമാനം എടുക്കാതെ വെച്ചിരിക്കുകയായിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു.
യു.കെയിലും മറ്റു രാജ്യങ്ങളിലും പുതിയ കൊറോണ സ്‌ട്രെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഡിസംബറിലാണ് ഒ.ടി.ടി റിലീസ് തീരുമാനിക്കുന്നത്. മരക്കാര്‍ മാര്‍ച്ചില്‍ വെച്ചിരിക്കുകയാണ്. അതൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. അതിന്റെ തിയതി മാറ്റാന്‍ പറ്റില്ല. അതിനു മുന്‍പേ ചെയ്ത നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ഇതൊക്കെ എന്ന് തിയേറ്ററില്‍ റിലീസ് ചെയ്യാനാണ്. ഇനി റിലീസ് ചെയ്താല്‍ തന്നെ മൂന്നോ നാലോ ദിവസം തന്നെ ആളുകളുണ്ടാവും. ഫാമിലികളൊക്കെ മടിച്ചുനില്‍ക്കുകയാണ്. എല്ലാവര്‍ക്കും പേടിയുണ്ട്.
തിയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസത്തിനുള്ളില്‍ ആരെങ്കിലും ഇത് ഓണ്‍ലൈനില്‍ ഇടും. പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ പിന്നെ സിനിമ തീര്‍ന്നു. അപ്പോള്‍ പിന്നെ നല്ല രീതിയില്‍ ഓണ്‍ലൈനില്‍ ഇറക്കിക്കൂടേ എന്ന ആലോചന വരികയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രൊഡ്യൂസറിനെ പിന്തുണക്കുക എന്നുള്ളതാണ്. എനിക്ക് എല്ലാ സ്വാതന്ത്ര്യത്തോടെയും പടം ചെയ്യാന്‍ പിന്തുണ തന്ന അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുക എന്നുള്ളതേയുള്ളു.തിയേറ്ററില്‍ ഇറക്കണമെന്നും ആളുകളുടെ ആരവത്തില്‍ പടം കാണണമെന്നുമൊക്കെ എനിക്കും ആന്റണിക്കും ആഗ്രഹമുണ്ട്. അങ്ങനെ ഇറക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട്. പക്ഷെ സാഹചര്യം അതല്ലല്ലോ. അത് മനസ്സിലാക്കണമല്ലോ' ജീത്തു ജോസഫ് പറഞ്ഞു.
മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറില്‍ പറയുന്നു.2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.