Sorry, you need to enable JavaScript to visit this website.

കർഷക വാദം ശരിയെന്നതിന് മധ്യപ്രദേശ് അനുഭവം, വ്യാപാരികൾ മുങ്ങി

ന്യൂദൽഹി- താങ്ങുവിലയും പ്രാദേശിക വിപണികളും ഇല്ലാതാകുമെന്ന ഭീതിയിൽ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ മധ്യപ്രദേശിലെ വ്യാപാരികളെ വെട്ടിലാക്കി വ്യാപാരികൾ മുങ്ങി. അഞ്ചു കോടിയോളം രൂപയുടെ കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി 150ൽ അധികം കർഷകരിൽ നിന്നു തട്ടിയെടുത്തത്. സമാന സംഭവങ്ങൾ ആവർത്തിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് ദൽഹി അതിർത്തികളിൽ പതിനായിരക്കണക്കിന് കർഷകർ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു സമരം ചെയ്യുന്നത്. 
മധ്യപ്രദേശിലെ നാല് ജില്ലകളിൽ നിന്നുള്ള 150ഓളം കർഷകരുടെ 2600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്ക് നൽകി വ്യാപാരികൾ തട്ടിയെടുത്തത്. മണ്ഡികൾക്ക് പുറത്ത് വിൽപ്പന നടത്തിയ കർഷകരാണ് വഞ്ചിതരായത്. മുഖ്യമന്ത്രി ശിവരാജ് സിംഗ്് ചൗഹാന്റെയും കൃഷിമന്ത്രി കമൽ പട്ടേലിന്റെയും ജില്ലകളിൽ നിന്നുള്ളവരാണ് വഞ്ചിതരായ കർഷകരിൽ ഭൂരിഭാഗവും. വിഷയത്തിൽ പ്രതിഷേധിച്ച് കർഷകർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.  കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്ത് വിൽപന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ ഇളവ് ചെയ്തതോടെയാണ് ഇത്തരത്തിലുള്ള കച്ചവടത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോർട്ട്.
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണ് ഈ വ്യാപാരികൾ കർഷകരുമായി കച്ചവടം നടത്തിയത്. വിളകളുടെ വിലയായി നൽകിയ ചെക്കുകൾ ബാങ്കുകൾ മടക്കിയതോടെയാണ് വഞ്ചിതരായ വിവരം കർഷകർ മനസ്സിലാക്കിയത്. തുടർന്ന് മണ്ഡികളിൽ ബന്ധപ്പെട്ടപ്പോൾ ഈ വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് മനസ്സിലായി. വ്യാജ വിലാസമാണ് വ്യാപാരികൾ നൽകിയിരുന്നത്. ഇവരെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. 
വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പറ്റിക്കപ്പെട്ടവർക്ക് പണം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. ദൽഹിയിൽ കാർഷിക നിയമങ്ങൾക്കതിരെ സമരം ചെയ്യുന്ന കർഷകർ, കേന്ദ്രസർക്കാരുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മധ്യപ്രദേശിലെ കർഷകർ തട്ടിപ്പിനിരയായ സംഭവം ചൂണ്ടിക്കാട്ടിയിരുന്നു.

Latest News