ന്യൂദൽഹി- മുത്തലാഖ് നിയമ പ്രകാരമുള്ള കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാൽ, മുൻകൂർ ജാമ്യം അനുവദിക്കുന്നതിനു മുമ്പ് പരാതിക്കാരിയായ സ്ത്രീയുടെ വാദം ബന്ധപ്പെട്ട കോടതി കേൾക്കണം. മുത്തലാഖ് വിരുദ്ധ നിയമ പ്രകാരം കേരളാ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കുന്നതു പോലെ മുത്തലാഖ് നിയമ പ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യത്തിനു പൂർണ വിലക്ക് ബാധകമാക്കാനാവില്ല. പരാതിക്കാരിക്ക് നോട്ടീസയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാമോയെന്നു തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ട്. നിയമത്തിലെ ഏഴ് (സി) വകുപ്പ് പ്രകാരം ഭർത്താവിനെതിരെ മാത്രമേ കേസ് നിലനിൽക്കൂ. ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ഇതേ നിയമ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഭർത്താവും ഭർതൃമാതാവും സ്ത്രീധന പീഡനം നടത്തിയെന്ന് ആരോപിച്ച് യുവതി നോർത്ത് പരവൂർ പോലീസിനു നൽകിയ പരാതിയിലാണ് കേസ്. ഇക്കാര്യം പരിശോധിച്ച ഹൈക്കോടതി ഭർത്താവിനും ഭർതൃമാതാവിനും മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ഭർത്താവും ബന്ധുക്കളും നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഭർത്താവിന്റെ മാതാവിനു മുൻകൂർ ജാമ്യം അനുവദിക്കാൻ നിർദേശിച്ച കോടതി, മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി സ്ഥിരം ജാമ്യത്തിനു അപേക്ഷ നൽകാൻ ഭർത്താവിനും നിർദേശം നൽകി.