Sorry, you need to enable JavaScript to visit this website.

എൻജിനീയറിംഗ് പഠനം; തീരുമാനം  മുൻകൂട്ടി എടുക്കാം

എൻജിനീയറിംഗ് പഠനം; കാഴ്ചപ്പാടുകൾ തിരുത്തണം / രണ്ടാം ഭാഗം 

എൻജിനീയറിംഗ് പഠനത്തിന് ശേഷം ഏതു മേഖലയിലേക്ക് പ്രവേശിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാനാകുമെങ്കിൽ അവ പല രീതിയിലും ഗുണമായിരിക്കും.  തൊഴിലിൽ പ്രവേശിക്കുന്നതിന് പുറമെ സാങ്കേതിക മേഖലയിലെ ഉപരിപഠനം, മാനേജ്‌മെന്റ് പഠനം, അടിസ്ഥാന ശാസ്ത്ര പഠനം എന്നിങ്ങനെ തുടർപഠനത്തിനള്ള അവസരങ്ങളാണ് അന്വേഷിക്കുന്നതെങ്കിൽ അതുമായി ബന്ധപ്പെട്ട മികച്ച സ്ഥാപങ്ങളിൽ പ്രവേശനം ലഭിക്കാൻ വേണ്ട മത്സരപരീക്ഷകൾക്ക് രണ്ടാം വർഷം മുതൽ തന്നെ പരിശീലിക്കാവുന്നതാണ്. 


അങ്ങനെ ചെയ്യാനായാൽ അനായാസം മത്സരപരീക്ഷകളെ നേരിടാനും പ്രതീക്ഷിച്ച സ്ഥാപനങ്ങളിൽ തുടർപഠനം നടത്താനുമാകും. എം.ടെക് പ്രവേശനത്തിനുള്ള മത്സരപരീക്ഷയായ GATE (Graduate Aptitude Test in Engineering) കേവലം പി.ജി പഠനത്തിനു മാത്രമുള്ള കടമ്പയല്ലെന്നും പൊതുമേഖലയിലെ നിരവധി സ്ഥപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള മുന്നുപാധി കൂടിയാണിതെന്ന് തിരിച്ചറിയുമ്പോഴാണ് കാലേക്കൂട്ടി തയ്യാറെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്.


പൊതു,സ്വകാര്യ മേഖലകളിലെ  തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിച്ചെടുക്കുന്നത് മൂലം  അതിനനുസൃതമായ രീതിയിൽ പരിശീലനം മുൻകൂട്ടി തന്നെ നേടാനാവും. പഠനത്തോടൊപ്പമോ പഠനം കഴിഞ്ഞ ഉടനെയോ പൂർത്തിയാക്കാൻ സാധിക്കുന്ന ഹ്രസ്വകാല, അനുബന്ധ കോഴ്‌സുകളെയും അവ നൽകുന്ന സ്ഥാപനങ്ങളെയും തിരിച്ചറിയുകയും ഉചിതമായ കോഴ്‌സുകൾ തെരഞ്ഞെടുക്കുകയും  ചെയ്യാനാകുന്നത്  മികച്ച പ്രായോഗിക രീതിയായി കണക്കാക്കാം. വിദേശ രാഷ്ട്രങ്ങളിൽ ഉപരി പഠനത്തിനായി ലഭ്യമായ സാധ്യതകൾ  ഉപയോഗപ്പെടുത്താനുള്ള അവസരവുമുണ്ട്. 
പൊതുവായി ബിരുദം പൂർത്തിയാക്കിയവർക്ക് എഴുതാവുന്ന ബാങ്ക് ടെസ്റ്റ് പോലെയുള്ള  മത്സരപരീക്ഷകളിൽ എൻജിനീയറിംഗ് ബിരുദധാരികൾ പൊതുവെ നല്ല പ്രകടനം കാഴ്ചവെക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുപോലുള്ള ദശക്കണക്കിന് മത്സര പരീക്ഷകളെ ഗൗരവമായി സമീപിക്കുകയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാൻ മുൻകൂട്ടി തന്നെ സാധിച്ചാൽ അത് വലിയ നേട്ടമാകും.   

അറിവിന്റെ ആഴം
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക അറിവിന്റെ ചക്രവാളത്തെ തിരിച്ചറിയാനും ഉചിതമായ രീതിയിൽ അവിടെ സാന്നിധ്യമുറപ്പിക്കാനും വേണ്ട നടപടികൾ ഉണ്ടാവണം. സാങ്കേതിക ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സദാ ജാഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണ്. ടെക്സ്റ്റ് ബുക്കിൽ പാഠഭാഗങ്ങളുടെയും സിലബസിന്റെയും അതിരുകൾക്കിടയിൽ മാത്രം ഒതുങ്ങിയിരുന്നാൽ ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളനാവില്ല. അതിനായി സാങ്കേതിക പ്രസിദ്ധീകരങ്ങൾ, ഇന്റർനെറ്റ്, ഡിസ്‌കഷൻ ഗ്രൂപ്പുകൾ എന്നിവയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. നിരന്തരമായി പഠിച്ചും അറിവ് പുതുക്കിയും കാലഹരണപ്പെട്ട അറിവുകൾ ബോധപൂർവം മറന്നും വേണം ഈ പ്രക്രിയ ശക്തമാക്കാൻ. അവരവർ ഇടപെടാൻ ഉദ്ദേശിക്കുന്ന മേഖലകളിലെ ഏറ്റവും പുതിയ അറിവ് കൈമുതലാക്കുക എന്നത് വളരെ പ്രധാനമാണ്.  

 

അറിവിനൊപ്പം നൈപുണ്യവും
ആധുനിക സാങ്കേതിക വികാസത്തെക്കുറിച്ച് ആഴത്തിലുള്ള അറിവിനൊപ്പം മറ്റു തരത്തിലുള്ള സ്‌കില്ലുകളും വർധിപ്പിക്കുവാൻ കാര്യമായ ശ്രമം നടത്തേണ്ടതുണ്ട്. തെരഞ്ഞെടുത്ത പഠന ശാഖയുമായി ബന്ധപ്പെട്ട് വ്യാവസായിക തൊഴിൽ മേഖലകളിൽ നടന്നു കൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങൾ എന്താണെന്നതിനെക്കുറിച്ച അറിവ് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കണം. അക്കാദമിക അറിവുകളെ തൊഴിൽപരമായ ആവശ്യത്തിന് എങ്ങനെ ഉപയോഗപ്പെത്തുന്നു എന്നത് മനസ്സിലാക്കുന്നിടത്താണ് അറിവിന്റെ പ്രയോഗവത്ക്കരണം കുടികൊള്ളുന്നത്. വിദ്യാർത്ഥി കൂട്ടായ്മകൾ രൂപീകരിച്ചും വ്യാവസായിക അക്കാദമിക കൂടിച്ചേരലുകൾക്ക്  അവസരമൊരുക്കിയും ഇത്തരം അറിവ് ആർജ്ജിക്കുവാൻ സാധിക്കും. മികച്ച സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ്, ISTE, IEEE, CSI, ഡെവലപ്പർ സ്റ്റുഡന്റ്‌സ് ക്ലബ് തുടങ്ങിയ സാങ്കേതിക മേഖലയിലെ സംഘടനകളിലെ സജീവമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഏറെ സഹായകരമായിരിക്കും. കൂടാതെ https://www.pluralsight.com/  പോലെയുള്ള വെബ്‌സൈറ്റുകൾ നൽകുന്ന സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം.


കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള NIELIT (https://www.nielit.gov.in/),  നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി), കേരള സർക്കാറിന്റെ കീഴിലുള്ള സി ഡിറ്റ് (https://www.cdit.org/), സിഡാക് ( https://www.cdac.in/index. aspx?id= educationt_rainingcdac.in), കെൽട്രോൺ, എൽ ബിഎസ് എന്നിവ നൽകുന്ന ഹ്രസ്വകാല കോഴ്‌സുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. അന്താരാഷ്ട തലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റുകളും മെമ്പർഷിപ്പുകളും  നൈപുണ്യ വികാസത്തിനും ജോലിക്ഷമത വർദ്ധിപ്പിക്കാനും പ്രയോജനകരമായിരിക്കും. LEEA Lifting Equipment Engineers Association, Lead Assessor Course in QMS, American Welding Socitey, Certification Scheme for Welding and Inspection Personnel (UK)CSWIP, NDT, LEED (Leadership in Energy and Environmental Design) എന്നിവ അവയിൽ ചിലതാണ്. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയതിനു ശേഷം ഉടൻ തന്നെ  ഇത്തരം സർട്ടിഫിക്കറ്റുകൾ നേടിയെടുക്കാൻ സാധിച്ചാൽ അത് വലിയ മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. 


സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കോഴ്‌സുകളും സർട്ടിഫിക്കറ്റുകളും യഥാവിധി തെരഞ്ഞെടുത്തും ഫലപ്രദമായി പരിശീലനം നേടിയും  തൊഴിൽ വിപണിയിൽ ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ ശ്രമിക്കാം.  കൂടാതെ ഇന്ത്യക്കകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ നടത്തുന്ന ശതക്കണക്കിന് ഓൺലൈൻ ലേണിങ് പ്ലാറ്റുഫോമുകളെ വിവേചനപൂർവ്വം ഉപയോഗപ്പെടുത്താൻ  സാധിച്ചാൽ അറിവും സ്‌കില്ലും വർദ്ധിപ്പിക്കുവാൻ നിമിത്തമാവും എന്നതുറപ്പാണ്. എൻജിനീയറിംഗ് പഠനത്തിന് ശേഷം സംരംഭകത്വ മേഖലയിൽ ഇടപെടൽ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അത്തരം സാധ്യതകളിലേക്കുള്ള ഒരു അന്വേഷണവും ആകാം.


സോഫ്റ്റ് സ്‌കില്ലുകൾ മറക്കണ്ട
സാങ്കേതികവും തൊഴിൽപരവുമായ അറിവുകളും വൈഭവങ്ങളും നേടിയെടുക്കുന്നതോടൊപ്പം ജീവിത നൈപുണ്യങ്ങളും ഫലപ്രദമായി വളർത്തിക്കൊണ്ട് വരാൻ ബോധപൂർവമായ ശ്രമം വേണം. ഒരു മികച്ച എൻജിനീയറുടെ ദൗത്യം എന്താണെന്നു ഒറ്റവാക്കിൽ പറയാൻ ആവശ്യപ്പെട്ടാൽ അത് പ്രശ്‌നപരിഹാരം (Problem Solving)  ആണെന്ന് നിസ്സംശയം പറയാം. എത്ര സങ്കീർണമായ പ്രശ്‌നങ്ങൾ ആണെങ്കിലും അവ പരിഹരിക്കാനുള്ള പ്രയോഗികവും സൃഷ്ടിപരവുമായ മാർഗങ്ങൾ ആരായുകയും അവ പ്രയോഗ തലത്തിൽ നടപ്പിലാക്കുകയും ചെയ്യാനുള്ള പരിജ്ഞാനം ആർജിച്ചെടുക്കുകയും വേണം. ഇതിനായുള്ള പരിശീലനം കാലേക്കൂട്ടി നടത്താനാവുക എന്നത് വളരെ പ്രധാനമാണ്. പ്രശ്‌നപരിഹാരം മാത്രമല്ല, ആശയവിനിമയം, സർഗ്ഗ ചിന്ത, തീരുമാനം എടുക്കാനുള്ള കഴിവ്, വൈകാരിക സംയമനം, പിരിമുറക്കങ്ങളെ അതിജീവിക്കാനുള്ള പക്വത (Coping Stress)  തുടങ്ങിയ ശേഷികളും ക്ര്യത്യമായ പരിശീലനത്തോടെ വളർത്തിക്കൊണ്ടു വരണം.

 


സ്‌കില്ലുകൾ വളർത്തികൊണ്ട്  വരുന്നതോടൊപ്പം നെറ്റ്  വർക്കിങ്ങിന്റെ  സാധ്യതകൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള സമാന മനസ്‌ക്കരായ വ്യക്തികളും കൂട്ടായ്മകളുമായി ബന്ധപ്പെടാനുള്ള അസുലഭ അവസരമാണ് ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും സഹായത്തോടെ കൈവന്നിട്ടുള്ളത്. ഇത്തരം സൗകര്യങ്ങൾ എത്ര ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രയോജനം കുടികൊള്ളുന്നത്.
സാമ്പ്രദായിക രീതികളിൽ നിന്നും മാർഗങ്ങളിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങളെ നോക്കിക്കാണുന്നതിനും കൃത്യമായ ആസൂത്രണത്തോട് കൂടി കരിയർ  ക്രമപ്പെടുത്താനും സാധിച്ചാൽ എൻജിനീയറിംഗ് എന്നത് മികച്ച തൊഴിലവസരം ഉറപ്പ് നൽകുന്ന ഒരു പഠന മേഖലയാണെന്നു നിസ്സംശയം പറയാം.


 

Latest News