Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അനുമതി പുതുവത്സര ദിനത്തില്‍; സൂചനയുമായി ഡ്രഗ് കണ്‍ട്രോളര്‍

ന്യൂദല്‍ഹി- പുതുവത്സര ദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് സൂചന. വാക്‌സിന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കവെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി ജി സൊമാനിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സന്തോഷകരമായ ഒരു പുതുവര്‍ഷാരംഭമായിരിക്കും ഇത്തവണയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രോഗ വ്യാപനം കണക്കിലെടുത്ത് വാക്‌സിന്‍ അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അതേസമയം സുരക്ഷയിലും ക്ഷമതയിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അനുമതി നല്‍കുന്നതിനുള്ള അന്തിമ പരിശോധനകള്‍ അവസാന ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബുധനാഴ്ച സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു കീഴിലുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സഫഡ് സെനക വാക്‌സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് അനുമതി കാത്തിരിക്കുന്ന മൂന്ന് വാക്‌സിനുകള്‍. വിദഗ്ധ സമിതി നാളെയും യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വാക്‌സിന്‍ അനുമതി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  


 

Latest News