ന്യൂദല്‍ഹി- വ്യാജ നഗ്ന ചിത്രങ്ങളുണ്ടാക്കി അവ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ പതിവാക്കിയ 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സൗത്ത് ദല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി സുമിത് ഝാ അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സമാന കേസുകളില്‍ ഛത്തീസ്ഗഢിലും ഇയാള്‍ പലതവണ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇരകളുടെ സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചാണ് പ്രതി ഭീഷണി പതിവാക്കിയിരുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും പിടികൂടി. യുുവതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുത്ത ശേഷം മോര്‍ഫ് ചെയ്ത് അവരുടെ പേരില്‍ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തായിരുന്നു പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ആവശ്യപ്പെട്ട പ്രകാരം പണം നല്‍കിയില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ നഗ്ന ചിത്രം പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരില്‍ നിന്നും പ്രതി പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ദല്‍ഹി പോലീസ് സൈബര്‍ സെല്‍ ആണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.