ബ്യൂണസ് അയേഴ്‌സ്-മണിക്കൂറുകൾ നീണ്ട അർജന്റീന സെനറ്റ് യോഗത്തിനൊടുവിലാണ് ഗർഭച്ഛിദ്രത്തിന് അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട് ചെയ്തത്. 38 പേർ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 29 പേർ നിയമത്തെ എതിർത്തു. ഇതോടെ രാജ്യത്തെ തെരുവുകളിൽ വൻ ആഘോഷങ്ങളാണ് നടക്കുന്നത്. ലോകത്ത് തന്നെ ഗർഭച്ഛിദ്രത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് അർജൻറീന. ബലാത്സംഗ കേസുകളിലും അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിലും മാത്രമേ അർജൻറീനയിൽ ഗർഭച്ഛിദ്രത്തിന് അനുമതി ലഭിക്കുകയുള്ളൂ. ആ നിയമത്തിനാണ് ഇന്ന് വിരാമമായത്. കത്തോലിക്കാസഭയുടെ തലവനായ പോപ്പ് ഫ്രാൻസിസിന്റെ നാടാണ് അർജൻറീന. അർജൻറീനയിലെ ചേംബർ ഓഫ് ഡെപ്യൂട്ടിസ് നിയമത്തിന് മുൻപേ തന്നെ അംഗീകാരം നൽകിയിരുന്നു. കത്തോലിക്കാ സഭയുടെ നിലപാടും സെനറ്റർമാർക്ക് കത്തോലിക്കാസഭ നൽകിയ നിർദേശവും ഇന്നത്തെ വോട്ടെടുപ്പിൽ ഫലം കണ്ടില്ല.