ഐറ്റം ഡാൻസുമായി വന്ന് ബോളിവുഡിൽ സൂപ്പർ താരങ്ങൾക്കൊപ്പം ഇടം പിടിച്ച നർത്തകിയാണ് നൂറ ഫത്തേഹി. വശ്യസൗന്ദര്യവും ഹരംപിടിപ്പിക്കുന്ന ദ്രുത നൃത്തചലനങ്ങളുമായി ഇന്ത്യൻ യുവാക്കളുടെ ഹൃദയം കവർന്നിരിക്കുകയാണ് ഈ മൊറോക്കൻ-കനേഡിയൻ സുന്ദരി. ഇപ്പോഴിതാ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഋത്വിക് റോഷൻ തുടങ്ങിയവർക്കൊപ്പം നൂറയും ഉള്ള ഒരു ചുവർ ചിത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. 'ഒ.എം.ജി' എന്ന കമന്റോടെ നൂറ ഫത്തേഹി ഇൻസ്റ്റഗ്രാമിൽ ഈ ചുവർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു. അജയ് ദേവ്ഗൺ, കാജോൾ, കത്രീന കൈഫ് തുടങ്ങിയവരുമുള്ള ചുവർചിത്രത്തിൽ ഐറ്റം ഡാൻസ് വേഷത്തിലാണ് നൂറ.
കാനഡയിൽ ജനിച്ചുവളർന്ന മൊറോക്കൻ വംശജയായ നൂറ ഫത്തേഹി 2015 ൽ ടി.വി. ഷോയായ ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയശേഷമാണ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. അധികവും ഐറ്റം ഡാൻസുകളായിരുന്നു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ നൂറയുടെ മാസ്മരിക നൃത്തച്ചുവടുകൾ കണ്ട 'ദിൽബർ' എന്ന ഗാനത്തിന് യൂട്യൂബിൽ റിലീസ് ചെയ്ത് 24 മണിക്കൂറിനിടെ 21 ദശലക്ഷം വ്യൂസാണ് കിട്ടിയത്.
ഇക്കഴിഞ്ഞ ഒക്‌ടോബർ 20 ന് റിലീസ് ചെയ്ത നൂറയും, ഗുരു രൺധാവയും ഉൾപ്പെട്ട 'നാച് മേരി റാണി' എന്ന ഗാനം ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്. ഇതിനം 275 ദശലക്ഷം പേർ കണ്ടു.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ 'മനോഹരീ' എന്ന ഗാനത്തിൽ പ്രഭാസിനൊപ്പം പ്രത്യക്ഷപ്പെട്ട നൂറ, കായംകുളം കൊച്ചുണ്ണി, ഡബിൾ ബാരൽ എന്ന മലയാള ചിത്രങ്ങളിലും നൃത്തരംഗങ്ങളിൽ എത്തി.