ന്യൂദല്‍ഹി- വിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റം പിന്തുണക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധ നിയമത്തെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്തിനാണ് മതംമാറ്റം. കൂട്ടമതപരിവര്‍ത്തനം അവസാനിപ്പിക്കുക തന്നെ വേണം. മുസ്ലിം മതത്തിലുള്ള ഒരാള്‍ക്ക് മറ്റൊരു മതത്തിലുള്ളവരെ വിവാഹം ചെയ്യാനാവില്ല എന്നാണ് അറിവ്. വിവാഹത്തനുവേണ്ടിയുള്ള മതംമാറ്റം വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കുന്നില്ല- രാജ്‌നാഥ് സിംഗ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യു.പി സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിയമം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലഖ്‌നോയില്‍നിന്നുള്ള എം.പി കൂടിയായ രാജ്‌നാഥ് സിംഗ്.
സാധാരണ വിവാഹവും നിര്‍ബന്ധിച്ച് മതംമാറ്റിയുള്ള വിവാഹവും തമ്മില്‍ വ്യത്യാസമുണ്ട്. പല കേസുകളിലും മതപരിവര്‍ത്തനം നിര്‍ബന്ധിച്ച് നടത്തിയതായി കാണാം. സര്‍ക്കാരുകള്‍ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കാം നിയമങ്ങള്‍ നിര്‍മിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
യഥാര്‍ഥ ഹിന്ദു ഒരിക്കലും വിവേചനം കാണിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ജാതിയുടേയും മതത്തിന്റേയും വംശത്തിന്റേയും പേരില്‍ യഥാര്‍ഥ ഒരിക്കലും വിവേചനം കാണിക്കില്ല. നമ്മുടെ മതഗ്രന്ഥങ്ങള്‍ ഒരിക്കലും ഇതിന് അനുമതി നല്‍കുന്നില്ല. വസുധൈവ കുടുംബകം എന്ന സന്ദേശം നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.