ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സേച്ഛാധിപതി എന്ന് അഭിസംബോധന ചെയ്ത് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് അഭിഭാഷകന്റെ ആത്മഹത്യ. പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി പഞ്ചാബിൽ നിന്നെത്തിയ അമർജീത് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ദൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിലാണ് അമർജീത് സിംഗ് ജീവനൊടുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള കത്തും ഇയാൾ എഴുതിയിട്ടുണ്ട്. 'മോഡി, സ്വേച്ഛാധിപതി' എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. സമരവുമായി ഇത്രയും നാൾ മുന്നോട്ടുപോയിട്ടും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ നരേന്ദ്ര മോഡി തയ്യാറായില്ലെന്ന് കത്തിൽ പറയുന്നു. ഭൂരിപക്ഷവും അധികാരവും നൽകിയ ജനങ്ങളെ വഞ്ചിച്ചു. നിങ്ങൾ അംബാനിയുടെയും അദാനിയുടെയും മാത്രം പ്രധാനമന്ത്രിയായി. പുതിയ കാർഷിക നിയമങ്ങളിലൂടെ നിങ്ങൾ വഞ്ചിച്ചതായാണ് ജനങ്ങൾക്ക് തോന്നുന്നത്. മുതലാളിമാരെ സംരക്ഷിക്കാനായി നിങ്ങൾ രാജ്യത്തിന്റെ നട്ടെല്ലായ സാധാരണക്കാരെയും കാഷികരംഗത്തെയും തകർത്തു. ദയവ് ചെയ്തു അവരുടെ അന്നന്നത്തെ ആഹാരം പോലും പിടിച്ചെടുത്ത് വിഷം കഴിക്കാൻ നിർബന്ധിക്കരുതെന്നും കത്തിൽ പറയുന്നു.