> ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് കേരളത്തില്‍ ആയേക്കുമെന്ന്
ന്യൂദല്‍ഹി- ലോകത്തെ ഏറ്റവും മികവുറ്റ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ യുഎസ് കമ്പനി ടെസ്‌ല പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നു. ടെസ് ലയുടെ ഏറ്റവും ജനപ്രിയ മോഡലും വിലകുറഞ്ഞ കാറുമായ മോഡല്‍ ത്രീ ആണ് ഇന്ത്യയില്‍ ആദ്യമെത്തുന്നത്. ജനുവരിയില്‍ ബുക്കിങ് ആരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ടെസ്‌ല ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സെഡാന്‍ ആണ് മോഡല്‍ ത്രീ.
2017ല്‍ മോഡല്‍ ത്രീ ഇന്ത്യയിലെത്തിക്കാന്‍ കമ്പനിക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ ഇറക്കുമതി നയവും അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും കാരണം നീളുകയായിരുന്നു. മറ്റു രാജ്യങ്ങളിലെ പോലെ ഇന്ത്യന്‍ വിപണിയിലും ടെസ്‌ല നേരിട്ടുള്ള വില്‍പ്പനയായിരിക്കും. ഡീലര്‍മാരില്ലാതെ ഡിജിറ്റല്‍ വില്‍പ്പനയെ കമ്പനി ആശ്രയിക്കുമെന്നും റിപോര്‍ട്ടുണ്ട്. പുര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന മോഡല്‍ ത്രീക്ക് ഇന്ത്യയില്‍ ഏകദേശം 55 ലക്ഷം രൂപ മുതല്‍ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
60 kw അവര്‍ ലിഥിയം അയണ്‍ ബാറ്ററി കരുത്തേകുന്ന മോഡല്‍ ത്രീ പൂര്‍ണമായും ഇലക്ട്രിക് സെഡാനാണ്. 500 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പൂജ്യത്തില്‍ നിന്നും 60 mph സ്പീഡിലെത്താന്‍ വെറും 3.1 സെക്കന്‍ഡ് സമയം മതി. പരാവധി വേഗത 162 mph ആണ്.
ബെംഗളുരുവില്‍ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ടെസ് ലയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി രണ്ടു തവണ സര്‍ക്കാരുമായി ചര്‍ച്ചയും നടന്നിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് കേരളത്തിലോ മഹാരാഷ്ട്രയിലോ ആയിരിക്കുമെന്നും ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.