ശ്രീനഗര്‍- കശ്മീരിലെ രജോരി സ്വദേശികളായ മൂന്ന് തൊഴിലാളി യുവാക്കളെ തട്ടിക്കൊണ്ടു പോയി ഭീകരരെന്ന് മുദ്രകുത്തി കൊലപ്പെടുത്തിയ കേസില്‍ കരസേനാ ക്യാപ്റ്റനും രണ്ടു സിവിലിയന്‍മാര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങാണ് പ്രതി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് 300 പേജുള്ള കുറ്റപത്രത്തില്‍ ജമ്മു കശ്മീര്‍ പോലീസ് പറയുന്നു. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരുന്നു. ഷോപിയാനിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷോപിയാന്‍ സ്വദേശി തബിഷ് നാസിര്‍, പുല്‍വാമ സ്വദേശി ബിലാല്‍ അഹമദ് ലോണ്‍ എന്നിവരാണ് മറ്റു രണ്ടു പ്രതികള്‍.
ഷോപിയാനിലെ വാടക വീട്ടില്‍ നിന്നാണ് രജോരി സ്വദേശികളായ ഇംതിയാസ് (20), മുഹമ്മദ് അബ്‌റാര്‍ (16), അബ്‌റാര്‍ അഹമദ് (25) എന്നീ യുവാക്കളെ തട്ടിക്കൊണ്ടു പോയതെന്ന് കുറ്റപത്രം പറയുന്നു. തൊഴില്‍ തേടി പോയവരായിരുന്നു ഇവര്‍.
വ്യാജ ഏറ്റമുട്ടലുണ്ടാക്കി ഇവരെ കൊലപ്പെടുത്തിയ ശേഷം അജ്ഞാത ഭീകരര്‍ എന്നാണ് പോലീസും സൈന്യവും ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ സൈന്യം ബാരാമുല്ലയില്‍ രഹസ്യമായി മറവു ചെയ്യുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും തൊഴില്‍ തേടി പോയവരാണ് ഇവരെന്ന് പിന്നീട് തെളിഞ്ഞതോടെ സംഭവം വലിയ വിവാദമായി. ഒടുവില്‍ ഒക്ടോബര്‍ മൂന്നിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് കുടുംബത്തിന് കൈമാറി.
സംഭവത്തില്‍ ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ് കുറ്റക്കാരനാണെന്ന് സൈനിക കോടതിയും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ കോര്‍ട് മാര്‍ഷര്‍ നടപടി ഉണ്ടാകും.