ലണ്ടന്‍- സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ ചൈനയ്ക്ക് യുഎസിനെ മറികടക്കാന്‍ നേരത്തെ പ്രവചിക്കപ്പെട്ടപോലെ അധിക കാലം കാത്തിരിക്കേണ്ടി വരില്ല. 2028ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നാണ് സെന്റര്‍ ഫോര്‍ ഇക്കണൊമിക്സ് ആന്റ് ബിസിസ് റിസേര്‍ചിന്റെ പ്രവചനം. നേരത്തെ കണക്കുകൂട്ടിയതിലും അഞ്ചു വര്‍ഷം നേരത്തേയാണിത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതത്തില്‍ നിന്നുള്ള ഇരു രാജ്യങ്ങളുടേയും തിരിച്ചുവരവിന്റെ വേഗം വിലയിരുത്തിയാണ് പുതിയ പ്രവചനം. കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാര്യങ്ങളെ ചൈനയ്ക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നു. കോവിഡിനെ നേരിടുന്നതിലുള്ള ചൈനയുടെ വൈദഗ്ധ്യവും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ദീര്‍ഘകാല വളര്‍ച്ചയെ ബാധിച്ച പ്രതിസന്ധിയും ചൈനയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2021-25 കാലയളവില്‍ ചൈന 5.7 ശതമാനം ശരാശരി വളര്‍ച്ച നേടുമെന്നാണ് റിപോര്‍ട്ട് പറയുന്നത്. 2026-30 കാലയളവില്‍ ഇത് 4.5 ശതമാനമായി കുറയും.
അതേസമയം യുഎസിന്റെ കോവിഡാനന്തര തിരിച്ചുവരവ് 2021ലായിരിക്കും. 2022-24 കാലയളവില്‍ യുഎസിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ് 1.9 ശതമാനമായിരിക്കും. ഇതിനു ശേഷം ഇത് വീണ്ടും കുറഞ്ഞ് 1.6 ശതമാനമാകുമെന്നും സെന്റര്‍ ഫോര്‍ ഇക്കണൊമിക്സ് ആന്റ് ബിസിസ് റിസേര്‍ചിന്റെ വാര്‍ഷിക റിപോര്‍ട്ട് പറയുന്നു.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജപാന് 2030കള്‍ വരെ നിലനില്ക്കും. അതിനുശേഷം ഇന്ത്യയായിരിക്കും മൂന്നാം സ്ഥാനത്തെത്തുക. ജര്‍മനി നാലാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന് 2024ഓടെ ആറാം സ്ഥാനത്തേക്കും താഴും.