മനില- ഫിലിപ്പൈന്‍സില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. റിക്ടര്‍ സ്‌കെയിലില്‍
6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മനിലയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി താമസക്കാര്‍ പറഞ്ഞു. ക്രിസ്മസ് ദിന പ്രത്യേക പ്രാര്‍ഥനകള്‍ തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രവകാരം ഫിലിപ്പെന്‍സിലെ പ്രധാന ദ്വീപായ ലുസോണിലെ ബടാംഗാസ് പ്രവിശ്യയില്‍ പ്രാദേശിക സമയം രാവിലെ 7:43 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 108 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമെന്നും റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനിലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു സമീപത്തുള്ള തീരദേശ നഗരമായ കലാറ്റഗനില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ക്രിസ്മസ് പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ശാന്തത പാലിച്ചുവെന്ന് പോലീസ് മേധാവി മേജര്‍ കാര്‍ലോ കാസെറസ് പറഞ്ഞു.
സഭാ ശുശ്രൂഷ ഇടക്ക് നിര്‍ത്തിയെങ്കിലും ആളുകള്‍ പരിഭ്രാന്തരായില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെയും ഭൂചലനമുണ്ടായ ഈ
പ്രദേശത്ത് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.