Sorry, you need to enable JavaScript to visit this website.

കർണാടകയിൽ കർഫ്യൂവെന്ന് ആരോഗ്യമന്ത്രി, ഇല്ലെന്ന് മുഖ്യമന്ത്രി

ബംഗളൂരു- കർണാടകയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. കോവിഡിന്റെ പുതിയ വകഭേദം പടരാനുള്ള സാധ്യത കണക്കിലെടുത്താണു രാത്രി കർഫ്യൂ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഡിസംബർ 24 മുതൽ ജനുവരി രണ്ടു വരെ രാത്രി 11 മുതൽ വെളുപ്പിന് അഞ്ചു വരെയാണു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. രാത്രി കർഫ്യൂവിന്റെ ആവശ്യമില്ലെന്ന പൊതു വികാരം കണക്കിലെടുത്താണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കോവിഡ് മഹാമാരിയുടെയും ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിൽ ബുധനാഴ്ചയാണ് കർണാടക സർക്കാർ രാത്രി കർഫ്യൂ കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ കനത്ത വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.  ബിജെപി നേതാക്കളും കർഫ്യൂവിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളി ആരോഗ്യമന്ത്രി സുധാകർ രംഗത്തെത്തുകയും ചെയ്തു. രാത്രികാലങ്ങളിൽ പബ്ബിലും ബാറുകളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കൂടിയതാണ് ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് തടയിടാനാണ് ആ സമയത്ത് കർഫ്യൂ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞു. വിമർശനം കനത്തതോടെയാണ് കർഫ്യൂ പിൻവലിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. 

Latest News