തിരുവനന്തപുരം-ടിവി സീരിയല്‍ താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഇവര്‍ ഉടന്‍ വിവാഹിതരാവുമെന്ന വാര്‍ത്ത പുറത്തു വന്നത്. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയും ജാതകം ചേര്‍ന്നതോടെ ബന്ധവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. 2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഏക സഹോദരി പാര്‍വതി. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനായത്. സംഗീതനൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാര്‍. വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്