പ്രൊജക്ട് ടൈറ്റാൻ എന്ന പേരിൽ സ്വയം ഡ്രൈവ് ചെയ്യുന്ന ഇലക്ട്രിക് കാർ വികസിപ്പിക്കുന്ന ഒരു പദ്ധതിക്ക് അഞ്ചു വർഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ടെക്ക് ഭീമനായ ആപ്പിൾ തുടക്കമിട്ടിരുന്നു. എൻജിനീയർമാരും നിർമിത ബുദ്ധി വിദഗ്ധരുമടക്കം അയ്യായിരത്തോളം ജീവനക്കാരെ വെച്ചാണ് ഈ ഗവേഷണവുമായി ആപ്പിൾ മുന്നോട്ടു പോകുന്നത്. എന്നാൽ ഇതുവരെ ഈ കാറിന്റെ വികസന ഘട്ടങ്ങളെ കുറിച്ച് കമ്പനി കാര്യമായി ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ഇതിനിടെ ഇലക്ട്രിക് കാർ എന്നതിൽ നിന്നും സ്വയം ഡ്രൈവ് ചെയ്യുന്ന ഓട്ടോണമസ് കാർ സംവിധാനം വികസിപ്പിക്കുക എന്നതിലേക്കും ഈ പദ്ധതി മാറി. ഇപ്പോഴിതാ സ്വന്തം ബ്രാൻഡിൽ ആപ്പിൾ ഒരു ഓട്ടോണമസ് ഇലക്ട്രിക് കാർ ഇറക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നെക്സ്റ്റ് ലെവൽ എന്നു വിശേഷിപ്പിക്കുന്ന നൂതന ബാറ്ററിയുടേയും ലിഡാർ സാങ്കേതികവിദ്യയുടെയും കരുത്തിൽ 2024ൽ ആപ്പിളിന്റെ കാർ നിരത്തിലെത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
പ്രൊജക്ട് ടൈറ്റാന്റെ തലപ്പത്ത് ആപ്പിൾ സ്വകാര്യമായി ചില അഴിച്ചുപണികൾ നടത്തിയെന്ന വാർത്തകൾക്കു പിന്നാലെയാണ് പുതിയ കാർ വരുന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. ദീർഘകാലമായി ആപ്പിളിൽ ഉണ്ടായിരുന്ന ബോബ് മാൻസ്ഫീൽഡാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹം വിരമിച്ചു. പുതുതായി കാർ വികസനത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് ആപ്പിളിലെ മെഷീൻ ലേണിങ്, നിർമിത ബുദ്ധി സാങ്കേതിക വിദ്യാ വിഭാഗത്തെ നയിച്ച സീനിയർ വൈസ് പ്രസിഡന്റ് ജോൺ ഗയാനാൻഡ്രിയ ആണ്. സ്വന്തമായി കാർ നിർമ്മിക്കുക എന്ന ലക്ഷ്യവുമായാണ് ആപ്പിൾ 2014ൽ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ മാൻസ്ഫീൽഡ് 2016ൽ ചുമതലയേറ്റതോടെ ലക്ഷ്യം സ്വന്തം കാറിൽനിന്നും മറ്റു കാറുകളിൽ ഉപയോഗിക്കാവുന്ന സ്വയം ഡ്രൈവിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്കായി ശ്രദ്ധ. ഇതു വീണ്ടും മാറ്റിപ്പിടിച്ചിരിക്കുകയാണ് കമ്പനി.
ഇലക്ട്രിക് കാറുകളിൽ ഒരു വൻ വിപ്ലവം സൃഷ്ടിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. ആപ്പിളിന്റെ അതിനൂതന സാങ്കേതികവിദ്യയിൽ പിറക്കാനിരിക്കുന്ന പുതിയൊരു ബാറ്ററിയാണ് താരം. ഇലക്ട്രിക് കാറുകളിൽ ബാറ്ററിയാണ് ഏറ്റവും ചെലവേറിയതും പ്രധാനവുമായ ഘടകം. ഈ ചെലവ് ഗണ്യമായി കുറയ്ക്കുകയും അതേസമയം വാഹനത്തിന്റെ ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന ബാറ്ററിയാണ് ആപ്പിൾ വികസിപ്പിക്കുന്നത്.
ഇപ്പോൾ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററിയാണ്. ആപ്പിൾ വികസിപ്പിക്കുന്നത് കൂടുതൽ സുരക്ഷിതത്വവും ക്ഷമതയും നൽകുന്ന ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ്. ലിഥിയം അയൺ ബാറ്ററികളെ അപേക്ഷിച്ച് ഹീറ്റിങ് കുറവുള്ളവയാണിത്. ഡിസൈൻ പാളിച്ചകൾ ഉണ്ടായാൽ തീപ്പിടിക്കാൻ സാധ്യതയുള്ളവയാണ് ലിഥിയം അയൺ ബാറ്ററികൾ.
ആപ്പിളിനു വേണ്ടി ഫോക്‌സ്‌കോൺ ഐഫോൺ നിർമ്മിക്കുന്നതു പോലെ സ്വന്തം കാറുകളുടെ നിർമ്മാണവും മറ്റൊരു കമ്പനിക്ക് പുറംകരാർ നൽകിയേക്കുമെന്നാണ് സൂചന. ഇനി കാർ നിർമ്മിക്കുന്നില്ല എങ്കിൽ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനം മറ്റു കാർ കമ്പനികൾക്കും നൽകുകയാകും ആപ്പിൾ ചെയ്യുക.
ചുറ്റുംകണ്ണുള്ള ലിഡാർ സാങ്കേതിക വിദ്യയാണ് ആപ്പിൾ കാറിന്റെ മറ്റൊരു സവിശേഷത. ലിഡാർ സെൻസറുകൾ വഴി 360 ഡിഗ്രിയിൽ എല്ലാ വശങ്ങളേയും ഒരേസമയം കാറിന് കാണാനും തട്ടാതെയും മുട്ടാതേയും നോക്കി സ്വയം നിയന്ത്രിക്കാനും ഈ കാറിനു കഴിയും. ആദ്യമായി ഐ ഫോൺ കണ്ടപോലെ ആയിരിക്കും ആപ്പിളിന്റെ ആദ്യ കാറെന്ന് പദ്ധതിയുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കാർ ഉൽപാദനത്തിനായി മാഗ്‌നയുമായി നേരത്തെ ആപ്പിൾ ചർച്ചകൾ നടത്തിയിരുന്നെങ്കിലും എവിടേയും എത്തിയിരുന്നില്ല.