എഴുത്തുകാരന്‍ ജീവനൊടുക്കി; തുര്‍ക്കി സാഹിത്യലോകത്തെ പിടിച്ചുകുലുക്കി മി ടൂ

ഇസ്താംബൂളിലെ എവറെസ്റ്റ് പബ്ലിഷിംഗ് ഹൗസ്

അങ്കാറ- ലൈംഗികാതിക്രമവും ആരോപണങ്ങളും തുര്‍ക്കി സാഹിത്യ ലോകത്തെ പിടിച്ചുകുലുക്കുന്നു. തുറന്നു പറച്ചിലുമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വന്നതോടെ തുര്‍ക്കി സോഷ്യല്‍ മീഡിയകളില്‍ മി ടൂ വ്യാപിക്കുകയാണ്.
പുരുഷാധിപത്യമുണ്ടെന്ന് ആരോപിക്കപ്പെടാറുള്ള രാജ്യത്ത് വിലക്കുകള്‍ ലംഘിച്ചാണ് സാഹിത്യ നായകന്മാരെ നാണം കെടുത്തുന്ന സംഭവങ്ങള്‍ യുവതികള്‍  വിളിച്ചു പറയുന്നത്.
ഓണ്‍ലൈനിലെ വെളിപ്പെടുത്തല്‍  ഇതിനകം ഒരു എഴുത്തുകാരന്റെ ആത്മഹത്യയിലെത്തിച്ചു.
പ്രധാന എഴുത്തുകാര്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ട് വരാന്‍ ധൈര്യപ്പെട്ടതോടെ സോഷ്യല്‍മീഡിയയില്‍നിന്ന് അത് ഏറ്റെടുക്കാന്‍   തുര്‍ക്കിയിലെ മുഖ്യധാരാ മാധ്യമങ്ങളും രംഗത്തുവന്നിരിക്കയാണ്.  
തുര്‍ക്കിയില്‍ ഒരൊറ്റ ട്വീറ്റിലാണ് ഇതെല്ലാം ആരംഭിച്ചത്.
കിഴക്കിന്റെ കാഫ്ക എന്ന് വിളിക്കപ്പെട്ടിരുന്ന നോവലിസ്റ്റ് ഹസന്‍ അലി ടോപ്താസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്  'ലെയ്‌ല സാലിഞ്ചര്‍' എന്ന ഉപയോക്താവ് ഉന്നയിച്ച ചോദ്യമായിരുന്നു തുടക്കം.  ഈ മനുഷ്യന്‍ തുറന്നു കാണിക്കപ്പെടാന്‍ നമ്മളില്‍ എത്രപേര്‍ കാത്തിരിക്കുന്നുവെന്ന ചോദ്യത്തോടെയായിരുന്നു വിവാദ ട്വീറ്റ്.
തുടര്‍ന്ന് നോവലിസ്റ്റിനെതിരായ ആരോപണങ്ങളുമായി  സോഷ്യല്‍ മീഡിയയില്‍ 20 സ്ത്രീകളെങ്കിലും രംഗത്തുവന്നു. മറ്റ് പുരുഷ എഴുത്തുകാരില്‍നിന്ന് അനുഭവിച്ച ഉപദ്രവവും ദുരുപയോഗവും വിവരിക്കാന്‍ ഇത് നിരവധി പേരെ പ്രേരിപ്പിച്ചു.
ആരോപണങ്ങളെ തുടര്‍ന്ന് മറ്റൊരു എഴുത്തുകാരനും 51 കാരനുമായ ഇബ്രാഹിം കോലക്ക് ഡിസംബര്‍ 10 ന് അങ്കാറയില്‍ ജീവനൊടുക്കി.  നല്ല വ്യക്തിയാകാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും പരാജയപ്പെട്ടുവെന്നും ഭാര്യയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും മുഖത്ത്  നോക്കാന്‍ കഴിയില്ലെന്നും ട്വീറ്റ് ചെയ്തായിരുന്നു ആത്മഹത്യ.

 

Latest News