പ്രതികൂല കാലാവസ്ഥയും റബർ മരങ്ങളുടെ ഇലകളെ ബാധിച്ച പൂപ്പൽ ബാധയും ആഗോള ഉൽപാദനം കുറച്ചു, ഇന്ത്യയിൽ റബർ ഉൽപാദനം അഞ്ച് ശതമാനം ഇടിഞ്ഞു. കുരുമുളക് തുടർച്ചയായ മൂന്നാം വാരവും സ്റ്റെഡി. ആഭ്യന്തര വിദേശ വാങ്ങലുകാർ ചുക്ക് സംഭരിച്ചു. വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മാറ്റമില്ല. സ്വർണ വിലയിൽ കുതിപ്പ്. ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉൽപാദനം ചുരുങ്ങി, കാലാവസ്ഥാ വ്യതിയാനമാണ് ടാപ്പിംഗ് കുറച്ചത്. ഇതിനിടയിൽ റബർ മരങ്ങളുടെ ഇലകളെ ബാധിച്ച പൂപ്പൽ ബാധയും കർഷകരെ ടാപ്പിങിൽ നിന്ന് പിൻതിരിയാൻ നിർബന്ധിതരാക്കി. തായ്‌ലണ്ടിലെ തോട്ടങ്ങളെയാണ് ഇത് ബാധിച്ചത്. കഴിഞ്ഞ മാസം കേരളത്തിലും ഇതേ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ടാപ്പിംഗ് ചില ഭാഗങ്ങളിൽ നിർത്തിവെച്ചു. ഈവർഷം ഇന്ത്യയിൽ റബർ ഉൽപാദനം 2019 നെ അപേക്ഷിച്ച് 5.7 ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ. ആഗോള റബർ ഉൽപാദനം ഈ വർഷം 12.597 ദശലക്ഷം ടൺ പ്രതീക്ഷിക്കുന്നു. അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലും റബറിന് ഡിമാന്റ് കുറഞ്ഞു, എന്നാൽ ചൈനയിൽ നിന്ന് വർഷത്തിന്റെ രണ്ടാം പകുതിയിൽ ആവശ്യം ഉയർന്നത് ആശ്വാസമായി. 2021 ആഗോള റബർ ഉൽപാദനം 8.6 ശതമാനം ഉയർന്ന് 13.678 ദശലക്ഷം ടണ്ണാക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ റബർ വിലയിൽ കാര്യമായ മാറ്റമില്ല. ക്രിസ്തുമസ് അടുത്തിട്ടും കുറഞ്ഞ അളവിൽ മാത്രമാണ് ഷീറ്റ് വിൽപ്പനനയ്ക്ക് ഇറങ്ങിയത്. നാലാം ഗ്രേഡ് 15,700 ലും അഞ്ചാം ഗ്രേഡിന് 13,700-14,800 രൂപയിലും ലാറ്റക്‌സ് 10,000 രൂപയിലുമാണ്.
കുരുമുളക് വില മൂന്നാം വാരവും സ്റ്റെഡി. ആഭ്യന്തര വ്യാപാരികൾ ചരക്ക് സംഭരണം തുടരുകയാണ്. അന്തർസംസ്ഥാന വ്യാപാരികൾ കാർഷിക മേഖലകളിൽനിന്ന് നേരിട്ട് ചരക്ക് ശേഖരിച്ചത് വിലക്കയറ്റത്തിന് തടസമായി. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,400 രൂപയിലാണ്. ഇന്ത്യൻ രാജ്യാന്തര വില ടണ്ണിന് 5000 ഡോളറാണ്. ബ്രസീൽ ടണ്ണിന് 2800 ഡോളറിനും ഇന്തോനേഷ്യ 2700 ഡോളറിനും വിയെറ്റ്‌നാം 2700 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ചുക്ക് വില ഉയർന്ന തലത്തിൽനിന്ന് അൽപ്പം കുറഞ്ഞത് വാങ്ങൽ താൽപര്യം ഉയർത്തി. തണുപ്പ് രുക്ഷമായത് ചുക്കിന് ഉത്തരേന്ത്യൻ ഡിമാന്റ് ഉയർത്തി. കാർഷിക മേഖലകളിൽ നിന്നുള്ള ചരക്ക് വരവ് കുറവാണ്. മീഡിയം ചുക്ക് 28,500 ലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലുമാണ്.
വെളിച്ചെണ്ണ, കൊപ്ര വിലയിൽ മാറ്റമില്ല, ക്രിസ്തുമസ് അടുത്തതോടെ പ്രദേശിക വിപണിയിൽ വെളിച്ചെണ്ണ വിൽപന ഈ വാരം ഉയരുമെങ്കിലും വിലയിൽ കാര്യമായ മാറ്റം തൽക്കാലം പ്രതീക്ഷിക്കുന്നില്ല. അതേ സമയം ഗ്രാമീണ മേഖലകളിൽ വിളവെടുപ്പ് ഊർജിതമായി. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ 18,700 രൂപയിലും കൊപ്ര 12,800 ലുമാണ്. ആഭരണ കേന്ദ്രങ്ങളിൽ പവൻ 36,800 രൂപയിൽ നിന്ന് 37,440 രൂപയായി, ഗ്രാമിന് വില 4680 രൂപ. ലണ്ടനിൽ ട്രോയ് ഔൺസിന് 1839 ഡോളറിൽ നിന്ന് 1891 ഡോളർ വരെ കയറിയ ശേഷം ക്ലോസിംഗിൽ 1881 ഡോളറിലാണ്.