കൊല്‍ക്കത്ത- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അതിനായി നന്നായി വിയര്‍ക്കേണ്ടി വരുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
സംസ്ഥാനത്തെ 294 സീറ്റുകളില്‍ 200 എണ്ണമാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
ഒരു വിഭാഗം മീഡിയയുടെ സഹായത്തോടെയാണ് കോലാഹലമെന്നും പശ്ചിമബംഗാളില്‍ രണ്ടക്കം തികക്കാന്‍ തന്നെ ബി.ജെ.പി പാടുപെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് സൂക്ഷിച്ചുവെച്ചോളൂയെന്നും തെറ്റിയാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞഞു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിര്‍സ മുണ്ടയുടെ അനുഗ്രഹത്താല്‍ കുറഞ്ഞത് 200 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. ചിരിക്കുന്നവര്‍ ചിരിക്കട്ടെയെന്നും പ്ലാന്‍ പ്രകാരം പ്രവര്‍ത്തിച്ചാല്‍ 200 ല്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.