ന്യൂദല്‍ഹി- പരീക്ഷാ തീയതികള്‍ അറിയന്‍ വിദ്യാര്‍ഥികള്‍ ആകാംക്ഷയോടെ കാത്തിരിക്കയാണെങ്കിലും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ ഷെഡ്യൂള്‍ ജനുവരിക്ക് മുമ്പ് പുറത്തുവിടാനിടയില്ലെന്ന് റിപ്പോര്‍ട്ട്.
അതേസമയം, ഇന്നോ നാളെയോ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ബോര്‍ഡ് പരീക്ഷകളുടെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബോര്‍ഡ് പരീക്ഷികള്‍ നടത്തുന്നതിനെ കുറിച്ച് അധ്യാപകരുമായി വിദ്യാഭ്യാസ മന്ത്രി നടത്താനിരുന്ന ചര്‍ച്ച ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതികളുടെ പ്രഖ്യാപനത്തിനായി വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്. സ്കൂളുകള്‍ വീണ്ടും തുറക്കുന്നതുവരെ തീയതി പ്രഖ്യാപിക്കുന്നത് പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപനം വേണമെങ്കില്‍ ബോര്‍ഡിന് നീട്ടിക്കൊണ്ടുപോകാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16 മുതല്‍ രാജ്യമെമ്പാടുമുള്ള സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കയാണ്. പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ദല്‍ഹി, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഈ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്കൂളുകളും സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തവയാണ്. ദല്‍ഹിയില്‍ സ്വമേധയാ ഹാജരാകാന്‍ പോലും വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതം നല്‍കുന്നതുവരെ തീയതി പ്രഖ്യാപനം സി.ബി.എസ്.ഇ മാറ്റിവെക്കാനാണ് സാധ്യത.