Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ ആറു മാസത്തേക്ക് മാസ്‌ക് നിര്‍ബന്ധം; കര്‍ഫ്യൂ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

മുംബൈ- കോവിഡിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി അടുത്ത ആറുമാസത്തേക്ക് ഫേസ് മാസ്‌ക് നിര്‍ബന്ധമായിരിക്കുമെന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ലോക്ഡൗണ്‍ അല്ലെങ്കില്‍ രാത്രികല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ധാഭിപ്രായമെങ്കിലും സംസ്ഥാനത്ത് കോവിഡ് സ്ഥിതി നിയന്ത്രണവിധേയമായതിനാല്‍ അതിന് ഒരുങ്ങുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സയെക്കാള്‍ പ്രതിരോധമാണ് നല്ലത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും ഒരു ശീലമാക്കണം- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സംസ്ഥാനത്തെ കോവിഡ് സ്ഥിതി മെച്ചപ്പെട്ടു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനു സാധ്യതയുള്ളതിനാല്‍ ജനുവരി മുതല്‍ ഫെബ്രുവരി വരെ മുന്‍കരുതലുകളിലും പരിശോധനയിലും അലംഭാവം പാടില്ലെന്ന് കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍  യു.കെയിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലുമുണ്ടായ രണ്ടാമത്തെ കുതിച്ചു ചാട്ടം ഇന്ത്യയിലുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ശനിയാഴ്ച മഹാരാഷ്ട്രയില്‍ 3,940 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കണക്കില്‍ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. 74 മരണങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരിക്കെ,  പശ്ചിമ ബംഗാള്‍, ദല്‍ഹി, കേരളം എന്നിവക്കു മുന്നില്‍ മരണനിരക്കില്‍ ഒന്നാം സ്ഥാനത്തുമാണ്.

ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനം നേരിടാത്ത വെല്ലുവിളികാളാണ് ഇപ്പോള്‍ നേരിട്ടതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
നവംബര്‍ 28 ന് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മഹാ വികാസ് അഗാഡി സര്‍ക്കാര്‍ വീഴുമെന്നാണ് പലരും കണക്കുകൂട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുക മാത്രമല്ല, ഏറ്റവും പ്രയാസകരമായ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News