സോള്‍- ദക്ഷിണ കൊറിയയില്‍ ആദ്യ ലോക്ഡൗണ്‍ വരുന്നു, ജനം പരിഭ്രാന്തരായി ഷോപ്പിംഗ് തിരക്കില്‍. കൊറോണ വൈറസിനെ നല്ലരീതിയില്‍ പ്രതിരോധിച്ചെന്ന ദക്ഷിണ കൊറിയയുടെ സല്‍പ്പേര് മാറുന്നു. രാജ്യം ആദ്യമായി ലോക്ഡൗണിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ലോകരാജ്യങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദക്ഷിണ കൊറിയക്ക് അത് വേണ്ടി വന്നിരുന്നില്ല. മികച്ച നിയന്ത്രണങ്ങളിലൂടെ അവര്‍ മാതൃകയായിരുന്നു. എന്നാല്‍ ആരോഗ്യ അധികൃതര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് കേസുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തെരുവുകളില്‍ ജനമിറങ്ങി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാണാമായിരുന്നു. പുതിയ കേസുകള്‍ കൂടി കൊണ്ടിരിക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കുന്നതിനായി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ തരംഗം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെ കൃത്യമായി നിയന്ത്രിച്ചിരുന്നു ദക്ഷിണ കൊറിയ. ലോകാരോഗ്യ സംഘടന വരെ അവരെ അഭിനന്ദിച്ചിരുന്നു. കോവിഡ് തുടക്കത്തില്‍ തന്നെ ബാധിക്കപ്പെട്ട രാജ്യമായിരുന്നു അവര്‍. എന്നിട്ടും കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്ലാതെയാണ് കോവിഡിനെ പിടിച്ചുകെട്ടിയത്.ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും രോഗ വ്യാപനം കണ്ടെത്തുകയും ചെയ്താണ് കോവിഡിനെ ദക്ഷിണ കൊറിയ നിയന്ത്രിച്ചത്. എന്നാല്‍ ശൈത്യകാലത്ത് കോവിഡിന്റെ മൂന്നാം തരംഗമാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ ഉണ്ടായിരിക്കുന്നത്. പല രോഗ ഉറവിടങ്ങളും കണ്ടെത്താനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ യൂന്‍ തെ ഹോ പറഞ്ഞു.