ന്യൂദല്‍ഹി- കോണ്‍ഗ്രസിലെ നേതൃത്വമില്ലായ്മയെയും തുടര്‍ച്ചയായ പരാജയങ്ങളേയും പരസ്യമായി ചോദ്യം ചെയ്തു രംഗത്തുവന്ന മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപോര്‍ട്ട്. സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഓഗസ്റ്റില്‍ 23 നേതാക്കള്‍ എഴുതിയ കത്ത് പരസ്യമായതോടെയാണ് കോണ്‍ഗ്രസിലെ രൂക്ഷമായ പ്രതിസന്ധി മറനീക്കി പുറത്തു വന്നത്. എന്നാല്‍ ഇവരെല്ലാവരും ശനിയാഴ്ച സോണിയയെ കാണാന്‍ ഉണ്ടാവില്ല. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ആണ് ഈ കൂടിക്കാഴ്ചക്ക് അവരസമുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. വിമതസ്വരമുയര്‍ത്തി നേതാക്കളില്‍ നിന്ന് അകലംപാലിക്കുന്ന നേതാവാണ് കമല്‍നാഥ്. എന്നാല്‍ ഇടഞ്ഞ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സോണിയയെ പ്രേരിപ്പിക്കുന്നതില്‍ കമല്‍നാഥ് നീക്കങ്ങള്‍ നടത്തിയെന്നാണ് റിപോര്‍ട്ട്.
പ്രധാനപ്പെട്ട അഞ്ചോ ആറോ നേതാക്കളായിരിക്കും സോണിയയുമായി കൂടിക്കാഴ്ച നടത്തുക എന്നാണ് സൂചന. പൊതുവായി ഉയര്‍ന്ന ആശങ്ക ഇവര്‍ സോണിയയെ ധരിപ്പിക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനുരജ്ഞനത്തിന് വഴിയൊരുക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഈ യോഗത്തില്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. അതേസമയം ഈ യോഗത്തില്‍ ഇടഞ്ഞു നില്ക്കുന്ന നേതാക്കള്‍ മാത്രമല്ല, അല്ലാത്തവരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
പുതുവര്‍ഷത്തില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയെന്നാണ് സൂചന. തുടര്‍ച്ചയായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പു പരാജയങ്ങള്‍ളെ തുടര്‍ന്ന് രാഹുല്‍ രാജിവച്ച ശേഷം 74കാരിയായ സോണിയ താല്‍ക്കാലികമായാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്. ഇതിനു ശേഷം കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തകര്‍ന്നു. സചിന് പൈലറ്റിന്റെ വിമത നീക്കത്തെ തുടര്‍ന്ന് ഒരു വേള രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കോളമെത്തുകയും ചെയ്തു. കഴിഞ്ഞ മാസം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കൂടി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ 'ഇടഞ്ഞ' നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു.