മുംബൈ-ബോളിവുഡിൽ മധ്യവയസ്‌കരായ നടൻമാർ ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് നടി ദിയ മിർസ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉൾക്കൊള്ളാൻ സാധിക്കുന്നുള്ളു. നീന ഗുപ്തയെപ്പോലുള്ള നടിമാർ ഇത്തരം പ്രതിസന്ധികൾ മറികടന്നാണ് നിലനിൽക്കുന്നത്, ദിയ പറഞ്ഞു. മധ്യവയസ്‌കരായ പുരുഷൻമാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകൾ ധാരാളമാണ്. എന്നാൽ അതേ പ്രായത്തിലുള്ള സ്ത്രീകളെപ്പറ്റി എഴുതാനോ സിനിമയെടുക്കാനോ ആരും ശ്രമിക്കുന്നില്ല.അതുപോലെത്തന്നെ മധ്യവയസ്‌കരായ നായകൻമാർ അവരേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണാൻ തന്നെ ബുദ്ധിമുട്ടാണ്. സൗന്ദര്യമാണ് പ്രശ്‌നം. അതുകൊണ്ടാണ് സൗന്ദര്യമുള്ള മുഖങ്ങൾക്ക് സിനിമയിൽ ഇത്രയധികം ഡിമാന്റ് ദിയ പറഞ്ഞു.
ഇക്കാര്യം നീന ഗുപ്തയടക്കമുള്ള ചിലർ തുറന്നുപറഞ്ഞിട്ടുണ്ട്. താൻ തന്റെ ജോലിയെ സ്‌നേഹിക്കുന്നു. തന്നെ തെരഞ്ഞെടുക്കൂ എന്നവർ നിരവധി തവണ പറഞ്ഞിട്ടുണ്ട്.മധ്യവയസ്‌കരായ നടിമാർക്ക് നമ്മുടെ ഇൻഡസ്ട്രിയിൽ സിനിമകൾ കുറവാണ്.അവർക്കായുള്ള കഥകൾ എഴുതാൻ ആരും മുന്നോട്ട് വരുന്നില്ല, ദിയ പറഞ്ഞു.പ്രായംകുറഞ്ഞ നടിമാരോടൊപ്പം മധ്യവയസ്‌കരായ നടൻമാർ ചെറുപ്പക്കാരായി അഭിനയിക്കുന്നത് കാണാൻ തന്നെ അരോചകമാണെന്നും അവർ പറഞ്ഞു. ഇപ്പോഴും ഈ പ്രതിഭാസം തുടരുകയാണെന്നും അതിനുകാരണം ബോളിവുഡിലെ പുരുഷമേധാവിത്വമാണെന്നും ദിയ പറഞ്ഞു.