Sorry, you need to enable JavaScript to visit this website.

ബജ്‌റംഗ് ദളിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് ഫെയ്ബുക്ക് ഇന്ത്യ മേധാവി

ന്യൂദല്‍ഹി- ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഫെയ്ബുക്ക് ടീം തന്നെ ചൂണ്ടിക്കാട്ടിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദളിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യാ മേധാവി അജിത് മോഹന്‍ പാര്‍ലമെന്റ് സമിതി മുമ്പാകെ പറഞ്ഞു. യൂസര്‍ ഡേറ്റയുടെ സുരക്ഷ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി അജിത് മോഹനെ ബുധനാഴ്ച ഐടികാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഇതു സംബന്ധിച്ച വാദംകേള്‍ക്കുന്നതിനിടെയാണ് ഈയിലെ വോള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപോര്‍ട്ട് ചൂണ്ടിക്കാട്ടി ബജ്‌റംഗ് ദളിന്റെ വിദ്വേഷ പോസ്റ്റുകളെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇന്ത്യാ മേധാവിയോട് ചോദിച്ചത്. സമിതി അംഗമായ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരമാണ് ഇതുന്നയിച്ചത്. ബജ്‌റംഗ് ദള്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ ഫെയ്ബുക്ക് നയങ്ങള്‍ ലംഘിച്ചതായി ഇതുവരെ തങ്ങളുടെ ഫാക്ട് ചെക്കിങ് ടീം കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അവ നീക്കം ചെയ്യാന്‍ കാരണമില്ലെന്നും അജിത് മോഹന്‍ സമിതി മുമ്പാകെ അറിയിച്ചു.

ജൂണില്‍ ദല്‍ഹിയില്‍ ഒരു ചര്‍ച്ച് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് ബജ്‌റംഗ് ദള്‍ പോസ്റ്റ് ചെയ്ത വിഡിയോ തടയണമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഫെയ്‌സ്ബുക്ക് ഇതു രണ്ടര ലക്ഷം ആളുകളെ കാണാന്‍ അനുവദിച്ചതായി ഫെയ്ബുക്കിന്റെ തന്നെ ആഭ്യന്തര റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതാണ് വോള്‍ സ്ട്രീറ്റ് ജേണല്‍ ഈയിടെ പുറത്തു കൊണ്ടുവന്നത്.
 

Latest News