കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ പ്രധാനമന്ത്രി മോഡി പ്രധാന പങ്കുവഹിച്ചെന്ന് ബിജെപി നേതാവ്

ഇന്ദോര്‍- മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രധാന പങ്കുവഹിച്ചെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയ. ഇന്ദോറില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തല്‍. 'ഇതുവരെ ഞാന്‍ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ആദ്യമായാണ് ഇത് ഈ വേദിയില്‍വച്ച് പരസ്യമായി പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ആരെങ്കിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കില്‍ അത് ധര്‍മേന്ദ്ര പ്രധാന്‍ അല്ല, നരേന്ദ്ര മോഡിയാണ്,' വിജയവര്‍ഗിയ പറഞ്ഞു. കേന്ദ്ര മന്ത്രിയായ പ്രധാനും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും വേദിയിലിരിക്കെയാണ് വിജയവര്‍ഗിയ ഇങ്ങനെ പറഞ്ഞത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആസൂത്രണം ചെയ്തത് ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജൂണില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതായി റിപോര്‍ട്ടുണ്ടായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കി 22 എംഎല്‍എമാരെ കൂടെകൂട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്.

Latest News