ചെന്നൈ- കോവിഡ് വ്യാപനത്തിന്റെ ക്ലസ്റ്ററായി രൂപപ്പെട്ട മദ്രാസ് ഐഐടിയില്‍ 79 വിദ്യാര്‍ത്ഥികള്‍ക്കു കൂടി ചൊവ്വാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ഇവിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 183 ആയി ഉയര്‍ന്നു. 770 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 978 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നടത്തി. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനമാണെന്നും ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ ഘട്ട കോവിഡ് പരിശോധന പൂര്‍ത്തിയായെന്നും ഇനി 10 ദിവസത്തിനു ശേഷം വീണ്ടും ടെസ്റ്റ് നടത്തുമെന്നും ഐഐടി അറിയിച്ചു. ഞായറാഴ്ച 66 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 77 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 33 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന കാമ്പസിലെ മെസ് അടച്ചു. ഭക്ഷണം വിദ്യാര്‍ത്ഥികളുടെ മുറികളിലെത്തിക്കും. രോഗ വ്യാപനത്തെ തുടര്‍ന്ന് എല്ലാ പഠന, ഗവേഷണ വകുപ്പുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.