ന്യൂദല്‍ഹി- കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ നിരാഹാരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിരാഹാരം പുനരാരംഭിക്കുമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കാര്‍ഷിക ചെലവുകളും വിലകളും നിര്‍ണയിക്കുന്ന കമ്മീഷന് സ്വയംഭരണാവകാശം നല്‍കണമെന്നതാണ് ഹസാരെ ഉന്നയിച്ച് മറ്റൊരു ആവശ്യം.
2019 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലെഗാവ് സിദ്ധി ഗ്രാമത്തില്‍ ഹസാരെ ഉപവസിച്ചിരുന്നു.
സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും കാര്‍ഷിക സംബന്ധിയായ മറ്റ് ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് അന്നത്തെ കേന്ദ്ര കാര്‍ഷിക മന്ത്രി രാധ മോഹന്‍ സിങ്ങിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് 2019 ഫെബ്രുവരി 5 നാണ് അദ്ദേഹം നിരാഹാരം പിന്‍വലിച്ചത്.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി 2019 ഒക്ടോബര്‍ 30 നകം സമര്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ രാധ മോഹന്‍ സിങ്ങിന്റെ കത്ത് ഹസാരെ തോമറിന് അയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു.
ഇതുവരെ ഒന്നും ചെയ്യാത്തതിനാല്‍, 2019 ഫെബ്രുവരി 5 ന് നിര്‍ത്തിവച്ച നിരാഹാര സമരം പുനരാരംഭിക്കാന്‍ ആലോചിക്കുകയാണെന്നാണ് ഹസാരെ തോമറിന് എഴുതിയ കത്തില്‍ പറയന്നത്. നിരാഹാരം ആരംഭിക്കുന്ന തീയതിയും സ്ഥലവും കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്ന് അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ജനശ്രദ്ധ നേടിയ ഹസാരെ പറഞ്ഞു.
കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് ഡിസംബര്‍ 8 ന് ഹസാരെ നിരാഹാരം അനുഷ്ഠിച്ചിരുന്നു.