ബെംഗളുരു- ആപ്പിളിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന തായ് ലാന്‍ഡ് കമ്പനി വിസ്‌ട്രോണിന്റെ കര്‍ണാടകയിലെ കോലാറിലെ ഫാക്ടറിയില്‍ രണ്ടു ദിവസം മുമ്പ് തൊഴിലാളികള്‍ നടത്തിയ പരാക്രമത്തിലും കൊള്ളയിലും 440 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കമ്പനി. ആയിരക്കണക്കിന് ഐഫോണുകള്‍ കൊള്ളയടിക്കപ്പെട്ടതായും വിസ്‌ട്രോണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ശമ്പളം നല്‍കാത്തതിനെ തുര്‍ന്നാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഫാക്ടറിയില്‍ പരാക്രമം നടത്തിയത്. ചില്ലു ജാലകങ്ങളും വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തും വാഹനങ്ങല്‍ മറിച്ചിട്ടും കത്തിച്ചും വലിയ സംഘര്‍ഷമാണ് തൊഴിലാളികള്‍ സൃഷ്ടിച്ചത്. കഴിഞ്ഞ നാലു മാസമായി കമ്പനി ശമ്പളം നല്‍കിയിട്ടില്ലെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ ആരോപിക്കുന്നു. ഫാക്ടറില്‍ രണ്ടു ഷിഫ്റ്റുകളിലായി എണ്ണായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
സംഭവത്തില്‍ ഐഫോണ്‍ ഉടമകളായ ആപ്പിള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കരാര്‍ കമ്പനിയായ വിസ്‌ട്രോണ്‍ വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നാണ് ആപ്പിള്‍ പരിശോധിക്കുന്നത്. തങ്ങളുടെ കരാര്‍ കമ്പനികള്‍ എല്ലാ തൊഴിലാളികളേയും മാനിക്കുകയും അവരോട് നല്ല സമീപനം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആപ്പിള്‍ വ്യക്തമാക്കി.