രാജ്യത്ത് സജീവമായി നിൽക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഏറ്റവുമൊടുവിൽ തലസ്ഥാനത്തെ സ്തംഭിപ്പിച്ചിരിക്കുന്ന കർഷക പ്രക്ഷോഭത്തിലും അങ്ങനെ തന്നെ. ബി.ജെ.പിയോട് ഒട്ടിനിൽക്കുകയും അവർക്കുവേണ്ടി ഏതറ്റം വരെയും പോയി ന്യായീകരിക്കുകയും ചെയ്യുന്ന കങ്കണ റണൗത്തിനെ പോലുള്ളവർ, കർഷകരെ പരിഹസിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കാനുമാണ് ശ്രമിച്ചതെങ്കിൽ, ഭൂരിപക്ഷം താരങ്ങളും കർഷകർക്ക് പിന്തുണയുമായാണ് രംഗത്തെത്തിയത്.
ഭക്ഷ്യസൈനികരെന്നാണ് കർഷകരെ പ്രിയങ്ക ചോപ്ര വിശേഷിപ്പിച്ചത്. അതിനാൽ തന്നെ അവരുടെ ഭയം ഇല്ലാതാക്കി പ്രതീക്ഷകൾ നിറവേറ്റേണ്ടതുണ്ട്. പുരോഗമന ജനാധിപത്യമെന്ന നിലയിൽ, ഈ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് നാം ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു.
സോനം കപൂറും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. കൃഷി ആരംഭിക്കുമ്പോൾ മറ്റ് കലകളും അതിനെ പിന്തുടരുന്നു. അങ്ങനെയാണ് കർഷകർ മനുഷ്യ നാഗരികതയുടെ സ്ഥാപകരാകുന്നതെന്ന് സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റിതേഷ് ദേശ്മുഖ്, ഹൻസൽ മേത്ത, അനുഭവ് സിൻഹ, തപ്‌സി പന്നു, സ്വര ഭാസ്‌കർ എന്നീ പ്രമുഖരും കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുമ്പ് നടനും ഗായകനുമായ ദിൽജീത്ത് ദൊസാഞ്ജ് പ്രക്ഷോഭ സ്ഥലത്ത് നേരിട്ടെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.