ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മംമ്ത മോഹൻദാസ് അഭിനയരംഗത്ത് പതിനഞ്ചുവർഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ ഭാഷാഭേദമില്ലാതെ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്റെ അഭിനയചാരുത പ്രകടമാക്കിയ ഈ അഭിനേത്രി നല്ലൊരു ഗായികയായും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അഭിനയരംഗത്തും ആലാപനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മംമ്ത നിർമ്മാണരംഗത്തേയ്ക്കും ചുവടുവയ്ക്കുകയാണ്.
'ലോകമേ' എന്ന സംഗീത ആൽബത്തിലൂടെയാണ് അതിന് തുടക്കമിട്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന നിലയിൽ ഈ ആൽബം ഇതിനകംതന്നെ പേരെടുത്തുകഴിഞ്ഞു.
ജീവിതത്തിൽ തിരിച്ചടികളും നഷ്ടങ്ങളും ഏറെയുണ്ടായിട്ടും അവയെയെല്ലാം അതിജീവിച്ചാണ് മംമ്ത പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ വിവാഹമോചനത്തിലെത്തിച്ചപ്പോഴും രോഗം തന്റെ ശരീരം കാർന്നുതിന്നാനൊരുങ്ങിയപ്പോഴും ഈ അഭിനേത്രി തോറ്റുകൊടുത്തില്ല. മൂന്നുതവണയാണ് കാൻസറിന്റെ രൂപത്തിൽ വിധി മംമ്തയെ തോൽപിക്കാനെത്തിയത്. എന്നാൽ ഇഛാശക്തിയുടെയും ആത്മധൈര്യത്തിന്റെയും കരുത്തിൽ രോഗദുരിതങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് മംമ്ത നമുക്കു മുന്നിൽ പുഞ്ചിരിച്ചുനിൽക്കുകയാണ്. ആറു വർഷത്തോളമായി അമേരിക്കയിൽ താമസമാക്കിയ മംമ്ത സിനിമയുമായി ബന്ധപ്പെട്ടാണ് കേരളത്തിലെത്തിയത്.
ക്ലബ്ബ് എഫ്.എം. റേഡിയോ ജോക്കിയായിരുന്ന ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന ലോകമേ എന്ന റാപ്പാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് മ്യൂസിക് സിംഗിളാക്കി പുറത്തിറക്കിയിരിക്കുന്നത്. മംമ്തയും സുഹൃത്തായ നോയൽ ബെനും ചേർന്നാണ് പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചത്.
'ഏകലവ്യന്റെ വരികൾ കേട്ടപ്പോൾതന്നെ ഏറെ ഇഷ്ടപ്പെട്ടു. ആ വരികൾക്ക് ചേർന്ന വിഷ്വൽസ് കൊണ്ടുവരിക എന്നതിനായിരുന്നു പ്രാധാന്യം നൽകിയത്. ഒരു രംഗവും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചതുകൊണ്ട് യാതൊരു ലാഗുമില്ലാതെയാണ് ഗാനം മുന്നോട്ടുപോകുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് ആദ്യമായി ഒരുക്കുന്ന സംരംഭം ഗംഭീരമായിതന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു വിട്ടുവീഴ്ചകളുമില്ലാതെ ഒരുക്കിയ ഈ ആൽബം മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾസ് എന്ന ഖ്യാതി നേടിയത്.' മംമ്ത പറയുന്നു.
'ലോകമേ നിങ്ങളൊന്നിങ്ങു ശ്രദ്ധിക്ക്...' എന്നു തുടങ്ങുന്ന ഈ സംഗീത ആൽബത്തിൽ ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. അതിലുപരി കഴിവുള്ള കുറേ ചെറുപ്പക്കാർക്ക് അവസരം നൽകാൻ കഴിഞ്ഞു എന്നതാണ് ഏറെ സന്തോഷം. ആൽബം സംവിധാനം ചെയ്ത ബാനി ചന്ദ്ബാബുവും ഗായകൻ ഏകലവ്യനുമെല്ലാം പരിചയസമ്പന്നരും കഴിവുള്ളവരുമാണ്. മാത്രമല്ല, ലാലേട്ടനും ഈ ആൽബത്തിന്റെ ഭാഗമായിട്ടുണ്ട്.
പതിനഞ്ചു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കാനാവുക എന്നത് അപൂർവ്വഭാഗ്യമാണെന്ന് മംമ്ത പറയുന്നു. ഇതിനിടയിൽ നിരവധി തിരിച്ചടികളും അനിശ്ചിതാവസ്ഥകളും ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുണ്ട്. ഒട്ടും സുഗമമല്ലാത്ത യാത്രയ്ക്കിടയിൽ അവിശ്വസനീയമായ കാര്യങ്ങളേയും അഭിമുഖീകരിക്കേണ്ടിവന്നു. എല്ലാവർക്കും ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. അതുതന്നെയാണ് എനിക്കുമുണ്ടായത്. എന്നാൽ അവയെല്ലാം അതിജീവിച്ച് ഇപ്പോഴും അഭിനയിക്കാൻ കഴിയുന്നതാണ് അനുഗ്രഹം. ഇരുപത്തൊന്നാം വയസ്സിൽ അവതരിപ്പിച്ച മയൂഖത്തിലെ ഇന്ദിരയിൽനിന്നും ഒരുപാട് മാറിയിരിക്കുന്നു. കഴിഞ്ഞ ആറു വർഷമായി അമേരിക്കയിലാണ് വാസം. ചിന്തിക്കാനുള്ള കഴിവു നൽകിയതും ഞാനാരാണെന്നും എന്തൊക്കെ നേടാനാവുമെന്നും പഠിപ്പിച്ചതും ആ രാജ്യമാണ്.
നഷ്ടങ്ങളും പരാജയങ്ങളും ജീവിതത്തിന്റെ അവസാനമാണെന്ന് കരുതരുത്. തകർച്ചകളിൽനിന്നും ഒരിക്കലും ഒളിച്ചോടരുത്. രോഗാതുരമായ കാലത്ത് വലിയ ഡിപ്രഷൻ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അഭിനയിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം മാറിനിൽക്കുകയായിരുന്നു. എന്നാൽ ഈ ഇടവേളകൾ ശക്തമായ തിരിച്ചുവരവിനുള്ള ഊർജമാണ് പകർന്നുനൽകിയത്.
ഹരിഹരൻ സാർ മുതൽ രാജമൗലിവരെയുള്ള പ്രതിഭാധനരായ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഭാഗ്യം. എന്നാൽ ഇവരുടെ മികച്ച ചിത്രങ്ങളായിരുന്നു അതെന്ന് പറയാനാവില്ല. ഹരിഹരൻ സാറിന്റെ മയൂഖവും രാജമൗലിയുടെ യമോദോംഗയും മികച്ച ചിത്രങ്ങളായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമയിലെ വളർച്ച എളുപ്പമുള്ളതായിരുന്നില്ല. സിവപ്പതികാരം എന്ന ആദ്യ തമിഴ് ചിത്രം ഹിറ്റായിരുന്നില്ല. സണ്ടക്കോഴി എന്ന സൂപ്പർഹിറ്റിനുശേഷം വിശാൽ നായകനായ ചിത്രമായിട്ടും സിവപ്പതികാരം പരാജയമായിരുന്നു. ഭാഗ്യമില്ലാത്ത നായിക എന്നാണ് അക്കാലത്ത് പലരും വിശേഷിപ്പിച്ചത്. സിനിമ അങ്ങനെയാണെന്നു മനസ്സിലാകുകയായിരുന്നു. തെലുങ്കിലെ ആദ്യചിത്രമായ അരുന്ധതിയിൽ വേഷമിടാൻ ഭയമായിരുന്നു. കാരണം അതിനുമുമ്പ് ഒരു തെലുങ്കു സിനിമ പോലും കണ്ടിട്ടില്ലായിരുന്നു. മാത്രമല്ല, ഭാഷയും അറിയില്ലായിരുന്നു. എന്നിട്ടും അരുന്ധതി മികച്ച വിജയമാണ് നേടിയത്.
ഒന്നര പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടയിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ വേഷങ്ങളുണ്ട്. മയൂഖത്തിലെ ഇന്ദിരയും, ബാബ കല്യാണിയിലെ മധുമിതയും, പാസഞ്ചറിലെ അനുരാധയും, കഥ തുടരുന്നു എന്ന ചിത്രത്തിലെ വിദ്യാലക്ഷ്മിയും, അരികെയിലെ അനുരാധയും, ജവാൻ ഓഫ് വെള്ളിമലയിലെ അനിതയും, മൈ ബോസിലെ പ്രിയാ നായരും, സെല്ലുലോയ്ഡിലെ ജാനറ്റും, നൂറാ വിത്ത് ലൗവിലെ നൂറയും, വർഷത്തിലെ ഡോ. ജയശ്രീയും, ടു കണ്ട്രീസിലെ ലയയും, ഉദാഹരണം സുജാതയിലെ കലക്ടറും, കോടതി സമക്ഷം ബാലൻ വക്കീലിലെ അനുരാധയും, ഫൊറൻസിക്കിലെ റിതിക സേവ്യർ ഐ.പി.എസുമെല്ലാം അവയിൽ ചിലതുമാത്രം.
നല്ല കഥാപാത്രങ്ങളെത്തിയാൽ ഇനിയും അഭിനയിക്കും. എന്നാൽ സെലക്ടീവായേ വേഷമിടൂ. സൗഹൃദങ്ങളുടെ പേരിൽ ചില ചിത്രങ്ങളിൽ വേഷമിടേണ്ടിവന്നിട്ടുണ്ട്. ആരോടും നോ പറയാനാവില്ല. എങ്കിലും എന്തു കാര്യത്തിലും നൂറു ശതമാനം ആത്മാർത്ഥത പുലർത്തണമെന്നുണ്ട്. അതിന് സെലക്ടീവാകാതെ നിവൃത്തിയില്ല.
ആലാപനരംഗത്ത് ആകസ്മികമായി എത്തിയതല്ല. കുട്ടിക്കാലംതൊട്ടേ പാശ്ചാത്യ സംഗീതത്തിലും ഫ്യൂഷനിലും താൽപര്യമുണ്ടായിരുന്നു. ഹരിഹരൻ സാറിന്റെ സർഗ്ഗത്തിലെ പാട്ടുകളാണ് ക്ലാസിക്കൽ സംഗീതത്തോട് താൽപര്യം ജനിപ്പിച്ചത്. ദേവീപ്രസാദിനെപ്പോലുള്ള സംഗീത സംവിധായകരിലൂടെ പിന്നണിഗാനരംഗത്തും ചുവടുവെച്ചു.
അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ആലാപനരംഗത്തുനിന്നും മാറിനിൽക്കുകയായിരുന്നു. ഇതിനിടയിലും ബായ് എന്ന തെലുങ്ക് ചിത്രത്തിന് ട്രാക്ക് പാടാൻ അവസരം ലഭിച്ചിരുന്നു. ചാനലുകളിൽ ലൈവ് ഷോ അവതരിപ്പിക്കണമെന്നും ആഗ്രഹമുണ്ട്.
സോഹൻ സീനുലാലിന്റെ അൺലോക്ക്, ഷാഫിയുടെ ത്രി കൺട്രീസ്, ഭദ്രന്റെ ജൂതൻ, രാജീവ് നാഥിന്റെ ബേബി സിറ്റർ തുടങ്ങിയ ചിത്രങ്ങളാണ് അഭിനയിക്കാനിരിക്കുന്നത്.
ഇത്രയുംകാലത്തെ അഭിനയജീവിതമാണ് നിർമ്മാണരംഗത്തേയ്ക്കുള്ള ചുവടുവയ്പിന് ധൈര്യം നൽകിയത്. ഫിലിമിൽനിന്നും ഡിജിറ്റലിലേയ്ക്കുള്ള വിപ്ലവകരമായ മാറ്റത്തിന്റെ പാതയിലാണിപ്പോൾ സിനിമ. ഒരു സിനിമയുമായി നിർമ്മാണരംഗത്തേയ്ക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് ആ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. ഈ അവസരത്തിലാണ് ഏകലവ്യന്റെ പാട്ടു കേൾക്കുന്നത്. ആ പാട്ടിന്റെ ചിത്രീകരണമാണ് ലോകമേ എന്ന ആൽബത്തിലൂടെ പുറത്തിറങ്ങിയത്.