ചെന്നൈ- ചെട്ടിനാട് ഗ്രൂപ്പിന്റെ ചെന്നൈയിലെ ആസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫീസുകളിലും ആദായനികുതി റെയ്ഡ് ആരംഭിച്ചു. വന്‍തോതിലുള്ള നികുതി വെട്ടിപ്പ് ആരോപിച്ചാണ്
എം.എ.എം.ആര്‍ മുത്തയ്യയുടെ നേതൃത്വത്തിലുള്ള ചെട്ടിനാട് ഗ്രൂപ്പിന്റെ കമ്പനികള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവയില്‍ ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തുന്നത്. ചെന്നെയിലും ബംഗളൂരുവിലും മാത്രം 50 ലധികം സ്ഥലങ്ങളിലാണ് പരിശോധന. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഓഫീസുകളിലും പരിശോധന തുടരുകയാണെന്നും വലിയ ഗ്രൂപ്പായതിനാല്‍ തിരച്ചിലിന് രണ്ടു മൂന്ന് ദിവസമെടുക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള ചെട്ടിനാട് ഗ്രൂപ്പ് നിര്‍മ്മാണം, സിമന്റ്, വൈദ്യുതി, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, ഹെല്‍ത്ത് കെയര്‍, കല്‍ക്കരി ടെര്‍മിനല്‍, ഗതാഗതം തുടങ്ങി നിരവധി ബിസിനസുകളില്‍ സജീവമാണ്.