Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ബി.ജെ.പിയിലും തൃണമൂല്‍ കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുക്കം തുടങ്ങിയിരിക്കെ, ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ ശക്തികളായ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആഭ്യന്തര തര്‍ക്കങ്ങള്‍ വലിയ തലവേദനയായി. പരസ്പരം മത്സരിക്കുന്നതിനേക്കാള്‍ സമയം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്ക് പരിഹാരം കാണാനാണ് ഇരുകക്ഷികളും ഇപ്പോള്‍ ചെലവഴിക്കുന്നത്. അടുത്ത വര്‍ഷമാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
ഹൂഗ്ലി പോള്‍ബയില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ എം.പി ലോക്കറ്റ് ചാറ്റര്‍ജിക്കെതിരെപൊതു റാലിയില്‍ പരസ്യമായി രംഗത്തുവന്നതോടെയാണ് ബി.ജെ.പിയിലെ ആഭ്യന്തര കലഹം മറനീക്കിയത്.
തങ്ങളുടെ പ്രതിനിധിയായിരുന്നിട്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വനിതാ നേതാവ് ഈ പ്രദേശത്ത് കാലുകുത്തിയിട്ടില്ലെന്ന് രോഷാകുലരായ പാര്‍ട്ടിക്കാര്‍ പരാതിപ്പെട്ടത്.
പാര്‍ലമെന്റ് അംഗം തിരിഞ്ഞുനോക്കാത്തതിനാല്‍ പ്രദേശത്തിന്റെ വികസനം തടയപ്പെട്ടുവെന്നും എം.പിയുടെ ഓഫീസിന് പുറത്ത് പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രതിഷേധക്കാര്‍ ഉന്നയിച്ച പരാതികള്‍ കേള്‍ക്കാതെ, ഓഫീസിന്റെ ഗേറ്റുകള്‍ അടക്കാന്‍ സഹായികളോട് ആവശ്യപ്പെട്ട ലോക്കറ്റ് ചാറ്റര്‍ജിയുടെ നടപടി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചു.
മറ്റൊരു വിഭാഗം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്ന് വിമതരോട് ആവശ്യപ്പെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, നേതാക്കള്‍ തമ്മിലുള്ള അധികാര കലഹമാണ് ഏറ്റവും വലിയ പ്രശ്‌നമായി തീര്‍ന്നിരിക്കുന്നത്. വിവിധ നേതാക്കളുടെ കീഴില്‍ അണിനിരന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നു.
പാര്‍ട്ടിയിലെ വിമത നേതാവ് സുവേന്ദു അധികാരി മുതല്‍ എം.എല്‍.എമാരായ ശില്‍ഭദ്ര ദത്ത, ജോട്ടു ലാഹിരി, രാജീവ് ബാനര്‍ജി വരെ ഭരണകക്ഷിയില്‍ വിവിധ നേതാക്കള്‍ വേറിട്ടു പ്രവര്‍ത്തിക്കുകയും പരസ്പരം വിഴുപ്പലക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു. രണ്ടു പാര്‍ട്ടികളിലെന്ന പോലെയാണ് ചില നേതാക്കളുടെ പെരുമാറ്റം. കഴിഞ്ഞ മാസം 14-ന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ 14-ാം വാര്‍ഡില്‍ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിപാടിയില്‍ നേതാക്കള്‍ തമ്മിലടിച്ചത് പരസ്യമായിട്ടായിരുന്നു. ആനുകൂല്യ വിതരണത്തനായുള്ള ക്യാമ്പിലെ ദുരുപയോഗം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി സാധന്‍ പാണ്ഡെ ക്യാമ്പ് സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു  ക്യാമ്പ് നടത്തിപ്പിന്റെ ചുമതലയുള്ള പ്രാദേശിക കൗണ്‍സിലര്‍ അമല്‍ ചക്രബര്‍ത്തിയുമായുള്ള തര്‍ക്കം.
പദ്ധതിയുടെ വിശദാംശങ്ങളും ആളുകള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്ന ആരോപണവും പാണ്ഡെ അന്വേഷിച്ചതോടെ ചക്രബര്‍ത്തി പ്രകോപിതനായി. തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളാവുകയും ഇരു നേതാക്കളുടെയും അനുയായികള്‍ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ക്യാമ്പിന്റെ ഭാഗമായി നിര്‍മിച്ച വേദിയുടെ ഒരു ഭാഗം ഏറ്റുമുട്ടലിനിടെ തകര്‍ന്നു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

 

Latest News