Sorry, you need to enable JavaScript to visit this website.

ഫംഗസ് ബാധ: കേരളത്തിലെ റബർ ഉൽപാദകർ ആശങ്കയിൽ  


കേരളത്തിലെ റബർ ഉൽപാദകർ ആശങ്കയിലാണ്. കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിലെ ചില തോട്ടങ്ങളിൽ റബർ മരങ്ങളുടെ ഇലകളിൽ ഫംഗസ് ബാധ കണ്ടു തുടങ്ങി. നേരത്തെ തായ്‌ലണ്ടിലെ തോട്ടങ്ങളിലെ റബർ മരങ്ങളുടെ ഇലകളിൽ  ഇത്തരത്തിൽ പൂപ്പൽ ബാധ ഏറ്റതോടെ ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.     അപ്രതീക്ഷിതമായി ഇഴ പൊഴിഞ്ഞതോടെ റബർ വെട്ട് നിർത്താൻ കർഷകർ നിർബന്ധിതരായി. അത്തരം ഒരു സാഹചര്യം ഇവിടെ ഇല്ലെങ്കിലും സ്ഥിതിഗതികൾ ഗൗരവപൂർവം അധികാരികൾ വിലയിരുത്തുന്നുണ്ട്. ഏതാണ്ട് 300 ഹെക്ടർ തോട്ടം  പൂപ്പൽ ബാധയുടെ പിടിയിലായിലാണെന്ന് പ്രാഥമിക വിലയിരുത്തൽ. മുഖ്യ വിപണികളിൽ ഷീറ്റ് വരവ് ചുരുങ്ങിയത് ടയർ കമ്പനികളെ അസ്വസ്ഥരാക്കിയതേടെ അവർ നാലാം ഗ്രേഡ് റബർ 16,300 രൂപ വരെ ഉയർത്തി. വാരത്തിന്റെ രണ്ടാം പകുതിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം കണ്ട് അവർ സംഭരണം കുറച്ചതോടെ വില 16,100 രൂപയായി താഴ്ന്നു. അഞ്ചാം ഗ്രേഡ് 14,400-15,500 രൂപയിലാണ്. 


കൊപ്രയാട്ട് വ്യവസായികൾ സമ്മർദത്തിലാണ്. മില്ലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ കൊപ്രക്ക് ക്ഷാമം നേരിട്ടതോടെ വില ഉയർത്തി. എന്നാൽ ഉയർന്ന വിലയ്ക്കും വേണ്ടത്ര കൊപ്ര ലഭിക്കാതെ വന്നത് തമിഴ്‌നാട്ടിലെയും മുംബൈയിലെയും വൻകിട  മില്ലുകാരെ പിരിമുറുക്കത്തിലാക്കി. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് തുടങ്ങിയെങ്കിലും വിപണികളിൽ പച്ചത്തേങ്ങ കൊപ്ര ലഭ്യത കുറവാണ്. കൊച്ചിയിൽ കൊപ്ര 12,275 രൂപയിലും വെളിച്ചെണ്ണ 18,500 രൂപയിലുമാണ്. 


ജാതിക്ക വിപണിയിൽ വൻ ചാഞ്ചാട്ടം. ജാതിക്ക, ജാതിപരിപ്പ്, ജാതിപത്രി വിലകൾ വാരമധ്യം മുന്നേറിയെങ്കിലും കുതിപ്പിന് അൽപായുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ജാതിക്കയ്ക്ക് ഇത് ഓഫ് സീസണാണ്. പ്രതികൂല കാലാവസ്ഥ മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറവായിരുന്നു. കാർഷിക ചെലവുകൾ മൂലം വലിയൊരു പങ്ക് കർഷകർ തോട്ടം മധ്യവർത്തികൾക്ക് വിളവെടുപ്പിന് മുന്നേ ചരക്ക് മുൻകൂറായി വിൽപനയും നടത്തി. വിളവെടുപ്പ് വേളയിൽ താഴ്ന്ന വിലയ്ക്ക് ഉൽപന്നം കൈക്കലാക്കിയ സ്റ്റോക്കിസ്റ്റുകൾ സീസൺ കഴിഞ്ഞതോടെ വിലക്കയറ്റം സൃഷ്ടിച്ചു. വലിയൊരു വിഭാഗം കർഷകരുടെ കൈവശം കാര്യമായി ചരക്കില്ല. അതുകൊണ്ട് തന്നെ പെടുന്നനെയുണ്ടായ വിലക്കയറ്റം ഉൽപാദകർക്ക് നേട്ടമായില്ല. 
ഇതിനിടയിൽ ഇന്ത്യൻ ജാതിക്ക, ജാതിപത്രി തുടങ്ങിയവയിൽ ചൈന താൽപര്യം കാണിച്ചു. ദുബായ് വഴിയാണ് ചൈന ചരക്ക് സംഭരിക്കുന്നത്. അറബ് രാജ്യങ്ങളിൽ നിന്നും ഉൽപന്നത്തിന് അന്വേഷണങ്ങളുണ്ട്. വാരാന്ത്യം കൊച്ചിയിൽ ജാതിക്ക കിലോ 180-200 രൂപയിലും ജാതിപരിപ്പ് 360-390 രൂപയിലും ജാതിപത്രി 900-1000 രൂപയിലുമാണ്. ഊഹക്കച്ചവടക്കാർ ചില വിപണികളിൽ വാരമധ്യം ജാതിക്കയെ കിലോ 320 രൂപ വരെയും ജാതിപ്പരിപ്പ് വില 625 രൂപ വരെയും ഉയർത്തി. സംസ്ഥാനത്ത് പുതിയ ജാതി സീസൺ ആരംഭിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. 


തണുപ്പ് കനത്തതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചുക്കിന് ഡിമാന്റ് ഉയർന്നതിനിടയിൽ ഉൽപന്ന വില ഇടിഞ്ഞു. ആഭ്യന്തര ഡിമാന്റിൽ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റോക്കിസ്റ്റുകൾ. എന്നാൽ അപ്രതീക്ഷിതമായി ഏതാണ്ട് 3000 രൂപയുടെ കുറവ് ക്വിന്റലിന് സംഭവിച്ചത് ഉൽപാദകരെ ഞെട്ടിച്ചു. വിവിധയിനം ചുക്ക് 25,500 - 27,000 രൂപയിലാണ്. കേരളത്തിൽ സ്വർണ വില വർധിച്ചു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 36,000 രൂപയിൽ നിന്ന് 36,880 വരെ ഉയർന്ന ശേഷം ശനിയാഴ്ച 36,720 ലാണ്. ഗ്രാമിന് വില 4590 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1787 ഡോളറിൽ നിന്ന് 1838 ഡോളറായി. 
 

Latest News