Sorry, you need to enable JavaScript to visit this website.

പരിഗണിക്കാൻ പോലുമാകാത്ത ആവശ്യം, റിപ്പബ്ലിക് ടി.വിയുടെ ഹരജി തള്ളി

ന്യൂദൽഹി- റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹരജിയിൽ ആവശ്യപ്പെടുന്ന സംഗതികൾ പരിഗണിക്കാൻ പോലുമാകില്ലെന്നും ഈ ആവശ്യങ്ങൾ കുറച്ചു കൂടുതലാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഹരജി പിൻവലിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് വ്യക്തമാക്കി. 
റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എ.ആർ.ജി ഔട്ട്‌ലിയർ മീഡിയ െ്രെപവറ്റ് ലിമിറ്റഡ് ആണ് എഫ്.ഐ.ആറിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഒക്ടോബർ 23നാണ് റിപ്പബ്ലിക് ടിവി അവതാരകർക്കും എഡിറ്റോറിയൽ ടീമിനുമെതിരെ മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ പൊതുജനങ്ങൾക്കിടയിൽ അപ്രീതിയും ജനരോഷവും ഉണ്ടാക്കും വിധം വാർത്തകൾ നൽകിയെന്ന് ആരോപിച്ചായിരുന്നു ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 
ഈ എഫ്.ഐ.ആറിനെതിരെയാണ് റിപ്പബ്ലിക് ടിവി ഹരജി നൽകിയത്. നിലവിലെ കേസുകൾ സി.ബി.ഐക്ക് കൈമാറാനും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാനും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്വ. മിലിന്ദ് സാഠേയാണ് റിപ്പബ്ലിക് ടി.വിക്ക് വേണ്ടി കോടതിയെ സമീപിച്ചത്.
 

Latest News