Sorry, you need to enable JavaScript to visit this website.

പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതി അനുമതി; നിര്‍മാണത്തിന് വിലക്ക്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ട പുതിയ ഭരണസിരാ കേന്ദ്രമായ സെന്‍ട്രല്‍ വിസ്റ്റയുടെ ഭൂമി പൂജ നടത്താന്‍ സര്‍ക്കാരിനു സുപ്രീം കോടതി അനുമതി നല്‍കി. അതേസമയം പദ്ധതി സ്ഥലത്ത് പുതിയ നിര്‍മാണങ്ങള്‍ക്കും നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സെന്‍ട്രല്‍ വിസ്റ്റയ്‌ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ കോടതി ഒരു തീര്‍പ്പിലെത്തുന്നതിനു മുമ്പായി പദ്ധതിയുമായി അത്യുത്സാഹത്തോടെ മുന്നോട്ടു പോയതിന് കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. കോടതി മുന്നോട്ടു വച്ച നിബന്ധനകള്‍ പാലിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഭൂമി പൂജ പരിപാടികള്‍ക്ക് അനുമതി നല്‍കിയത്. പദ്ധതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നിലനില്‍ക്കെയാണ് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടാനിരുന്നത്.  

പദ്ധതി സ്ഥലത്ത് ഭൂമിയുടെ നിലവിലെ സ്ഥിതി മാറ്റാതെ തറക്കില്ലടല്‍ ചടങ്ങ് നടത്തുന്നതിനു തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ ഉത്തരവ് ഇല്ലെന്നുവച്ച് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനാവില്ല. പേപ്പര്‍ ജോലികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം, എന്നാല്‍ പദ്ധതി സ്ഥലത്ത് നിര്‍മാണമോ മരംമുറിയോ കെട്ടിടം തകര്‍ക്കലോ പാടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി വ്യക്തമാക്കി. 

കോടതി നിലപാടില്‍ സര്‍ക്കാരിന്റെ മറുപടി നല്‍കാന്‍ തുഷാര്‍ മേത്ത നേരത്തെ സമയം ചോദിച്ചെങ്കിലും അഞ്ചു മിനിറ്റാണ് സമയം അനുവദിച്ചത്. തറക്കല്ലിടല്‍ മാത്രമെ നടത്തൂവെന്ന സര്‍ക്കാരിന്റെ നിലപാട്  ഈ സമയത്തിനകം അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.
 

Latest News