ആന്ധ്രയില്‍ മൂന്നൂറോളം പേര്‍ക്ക് അജ്ഞാത പകര്‍ച്ചവ്യാധി; ഒരു മരണം

അമരാവതി- ആന്ധ്രാ പ്രദേശിലെ എലുരു നഗരത്തില്‍ അജ്ഞാത രോഗം പടരുന്നു. 292 പേര്‍ക്ക് രോഗം ബാധിച്ചു. ഞായറാഴ്ച ഒരാള്‍ മരിച്ചു. 140 രോഗികള്‍ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഏഴു പേരെ ജനറല്‍ ആശുപത്രിയിലേക്ക്ു മാറ്റി. തിരിച്ചറിയാത്ത ഈ രോഗത്തിന്റെ സ്രോതസ്സ് വ്യക്തമല്ല. എന്താണ് രോഗ കാരണമെന്നും വ്യക്തമായിട്ടില്ല. ഛര്‍ദ്ദിയും അപസ്മാരവും വന്ന് പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്നതാണ് രോഗം. രക്ത പരിശോധനയിലും ബ്രെയ്ന്‍ സിടി സ്‌കാനിലും രോഗകാരണങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ളുയിഡ് ടെസ്റ്റുകളിലും കുഴപ്പം കണ്ടെത്തിയില്ല. കൂടുതല്‍ വിശദമായ പരിശോധനകളിലൂടെ രോഗ കാരണം വ്യക്തമാകൂ. ഇ-കോലി അണുബാധ പരിശോധാ ഫലവും വരാനിരിക്കുന്നതെയുള്ളൂവെന്ന് ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ശു ശുക്ല പറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവിടങ്ങിളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച എത്തുമെന്നും അദ്ദേഹം അറിയിച്ചു. 

എലുരു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസില്‍ മുഴുസമയ ഹെല്‍പ് ലൈനും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Latest News