Sorry, you need to enable JavaScript to visit this website.

ഉസാമ ബിന്‍ ലാദിന്റെ രഹസ്യശേഖരത്തില്‍ ബോളിവൂഡ് ഗാനങ്ങളും

ന്യുദല്‍ഹി- നിരോധിത ഭീകര സംഘടന അല്‍ഖഇദയുടെ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വന്തം ശേഖരത്തില്‍ ബോളിവുഡ് ഗാനങ്ങളുമുണ്ടായിരുന്നതായി അമേരിക്കന്‍ ചാര ഏജന്‍സിയായ സിഐഎ. ഉദിത് നാരായണ്‍, കുമാര്‍ സാനു, അല്‍കാ യാഗ്‌നിക് എന്നിവരുടെ നിരവധി ഗാനങ്ങളാണ് ഉസാമയുടെ പേഴ്സണല്‍ കംപ്യൂട്ടറിലുണ്ടായിരുന്നത്.
അജയ് ദേവഗന്‍-കാജല്‍ സിനിമയായ പ്യാര്‍ തൊ ഹോനാ ഹി ഥായിലെ 'അജ്നബി മുജ്കൊ ഇത്നാ ബതാ..', 1994-ലെ ക്ലാസിക് ജാനെ തമന്നായില്‍ ഉദിത് ആലപിച്ച 'തു ചാന്ദ് ഹെ പൂനം കാ...' തുടങ്ങി നിരവധി ഹിറ്റ് പാട്ടുകളാണ് ഉസാമയുടെ പക്കലുണ്ടായിരുന്നത്. നഴ്സറി പാട്ടുകളും ടോം ആന്റ ജെറി കാര്‍ട്ടൂണ്‍ വീഡിയോകളും അദ്ദേഹത്തിന്റെ പേഴ്സനല്‍ കംപ്യൂട്ടറിലുണ്ടായിരുന്നു.
ഉസാമയെ വധിച്ച, 2011-ല്‍ അമേരിക്കന്‍ സൈന്യം നടത്തിയ രഹസ്യ റെയ്ഡില്‍ പിടിച്ചെടുത്ത 4,70,000 രേഖകള്‍ കഴിഞ്ഞ ദിവസം സിഐഎ പുറത്തു വിട്ടിരുന്നു. ബോളിവൂഡ് ഗാനങ്ങള്‍ക്കു പുറമെ ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റനേകം രേഖകളും കൂട്ടത്തിലുണ്ട്. 2010-ല്‍ ദല്‍ഹിയില്‍ നടന്ന ഹോക്കി ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രശസ്ത ഫുട്ബോളര്‍മാരായ ഗാരിഞ്ച്, റോജര്‍ മിയ്യ, ഫെര്‍നാഡോ ടൊറെസ് എന്നിവരുടെ പ്രകടനങ്ങള്‍ അടങ്ങിയ മികച്ച ഫിഫ ലോകകപ്പ് ഗോളുകളുടെ സമാഹാരം തുടങ്ങിയവയും ഇതിലുണ്ട്. ഉസാമയുടെ ഡയറി, 18,000 രേഖകള്‍, ഏതാണ്ട് ഒരു ലക്ഷത്തോളം ഓഡിയോകളും ചിത്രങ്ങളും ആയിരക്കണക്കിന് വീഡിയോകള്‍ എന്നിവയാണ് സിഐഎ പുറത്തു വിട്ട രേഖകളിലുള്ളത്.
 

Latest News