ലഖ്നൗ- മതംമാറ്റത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും തങ്ങളുടേത് പ്രണയം മാത്രമാണെന്നും ഉത്തര്‍പ്രദേശില്‍ പോലീസ് മുടക്കിയ വിവാഹത്തിലെ 24 കാരനായ വരന് ആവര്‍ത്തിച്ചു. തങ്ങളുടെ അനുമതിയോടെയുള്ള വിവാഹം നടത്തുക തന്നെ ചെയ്യുമെന്ന് കുടുംബാംഗങ്ങളും പറയുന്നു.
അയല്‍വാസിയായ 22 കാരിയുമായുള്ള മുസ്ലിം യുവാവിന്റെ വിവാഹമാണ് ചടങ്ങുകള്‍ക്ക് തൊട്ട് മുമ്പ് പുതിയ മതംമാറ്റ നിരോധ നിയമം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞിരുന്നത്.
മതം മാറ്റത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കില്‍, പരസ്പരം സ്വീകരിക്കാന്‍ തയാറുണ്ടെങ്കില്‍ പിന്നെ മതംമാറ്റ വിഷയം ഉത്ഭവിക്കുന്നില്ലെന്ന് യുവാവ് പറഞ്ഞു.
ഇരു കുടുംബങ്ങളുടെയും അനുമതിയോടെയാണ് നവംബര്‍ 28ന് വിവാഹ ചടങ്ങ് നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ഓര്‍ഡിനന്‍സ് പാസാക്കുന്നതിനു മുമ്പാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അനുമതി ആവശ്യമാണെന്നറിഞ്ഞിരുന്നെങ്കില് അതു നേടുമായിരുന്നുവെന്നും കുടുംബങ്ങള്‍ പറയുന്നു.
തങ്ങളിലാരും മതം മാറുന്നില്ലെന്ന് അറിയച്ചിട്ടും ലഖ്നൗ ഡൂഡ കോളനിയിലെത്തിയ പോലീസ് വിവാഹം തടയുകയായിരുന്നു. ഇരുവരും തമ്മില്‍ അഞ്ച് വര്‍ഷത്തെ പരിചയമുണ്ടെന്നും ആര്‍ക്കും തന്നെ ഈ വിവാഹം തടയാനാകില്ലെന്നും യുവതിയുടെ അമ്മ പറഞ്ഞു.
ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ യുവവാഹിനി നല്കിയ പരാതിയെ തുടര്‍ന്നാണ് വിവാഹം തടഞ്ഞതെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. മതം മാറാതെ തന്നെ ഹിന്ദു, മുസ്ലിം ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താനായിരുന്നു ഇരുകുടുംബങ്ങളുടെയും പരിപാടി.