മുംബൈ- ചൈനീസ് കോടീശ്വരനെ പിന്തള്ളി ഫോബ്സ് പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ചൈനീസ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ചെയര്‍മാന്‍ ഹുയ് കാ യാനിനെയാണ് അംബാനി പിന്നിലാക്കിയത്. റിലയന്‍സ് ഓഹരി മൂല്യത്തില്‍ 1.22 ശതമാനം വര്‍ധനയുണ്ടായതോടെ അംബാനിയുടെ ആസ്തി മൂല്യം 42.1 ശതകോടി യു.എസ് ഡോളറിലെത്തി. യാനിന്റേത് 40.6 ശതകോടി ഡോളറാണ്. ഓഹരികളുടേയും ആസ്തികളുടെയും മൂല്യം കണക്കാക്കി ഫോബ്സ് തയാറാക്കുന്ന സമ്പന്നരുടെ റിയല്‍ ടൈം പട്ടികയാണിത്.
ആഗോളതലത്തില്‍ അംബാനി 14-ാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആമസോണ്‍ മേധാവി ജെഫ ബെസോസ് ആണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെയാണ് ജെഫ് പിന്തള്ളിയത്. ജെഫ് ബെസോസിന്റെ ആസ്തി മൂല്യം 93.3 ശതകോടതി യുഎസ് ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ബില്‍ഗേറ്റ്സിന്റേത് 89.5 ശതകോടി ഡോളറും. 75.8 ശതകോടി ഡോളര്‍ ആസ്തി മൂല്യമുള്ള ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
2016-ലെ ലോക ബാങ്ക് കണക്കുകള്‍ പ്രകാരം അസര്‍ബൈജാന്‍ എന്ന രാജ്യത്തിന്റെ മൊത്ത വരുമാനത്തിനത്തിനു തുല്യമാണ് അംബാനിയുടെ ആസ്തിയെന്നും ഫോബ്സ് വ്യക്തമാക്കുന്നു. ആറു ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. ടിസിഎസ്, എച്ഡിഎഫ്സി ബാങ്ക്, ഐടിസി, എച്ച് ഡി എഫ് സി എന്നീ കമ്പനികളാണ് ആദ്യ അഞ്ചിലുള്ളത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 24-നാണ് ആദ്യമായി റിലയന്‍സിന്റെ വിപണി മൂല്യം ആറു ലക്ഷം കോടി പിന്നിട്ടത്.