വാഷിംഗ്ടണ്‍- 2024ല്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. അട്ടിമറി നടന്നതായി ആരോപിച്ച് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം സ്വാഗതം ചെയ്യുന്നുവെന്ന സൂചന പിന്നീട് ട്രംപ് നല്‍കിയിരുന്നു.
ഗംഭീരമായ നാല് വര്‍ഷമാണ് കടന്നുപോയതെന്നും നാല് കൊല്ലം കൂടി ജനങ്ങള്‍ക്ക് വേണ്ടി നേടാനുള്ള ശ്രമത്തിലാണെന്നും അത് സാധ്യമായില്ലെങ്കില്‍ നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയ്ക്കിടെ ട്രംപ് പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളില്‍ നിന്ന് അകന്നു നിന്ന ട്രംപ് തെരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് ട്വീറ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ട്രംപിന്റെ അട്ടിമറി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. അട്ടിമറി നടന്നതായി തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് അറ്റോണി ജനറല്‍ വില്യം ബര്‍ പറഞ്ഞു.