Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ- മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേര്‍ത്ത് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ആവടിയിലുള്ള കര്‍ണന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 27ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചേര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് ജസ്റ്റിസ് കര്‍ണനെതിരെ വിശദമായ പരാതി നല്‍കുകയും ചെയ്തു.
കര്‍ണന്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെക്കുറിച്ചും അവരുടെ ഭാര്യമാരെക്കുറിച്ചും, വളരെ മോശം ഭാഷയില്‍ സംസാരിക്കുകയും, അവര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ കൂടി ചേര്‍ത്താണ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.  സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ ചില വനിതാ ഉദ്യോഗസ്ഥരെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാമര്‍ശവും കര്‍ണന്‍ ആ വീഡിയോയില്‍ നടത്തിയിരുന്നു. ആ ദൃശ്യത്തില്‍ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഇരകളുടെ പേരും കര്‍ണന്‍ വെളിപ്പെടുത്തുന്നുണ്ട്. 2017ല്‍ ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ആറ് മാസത്തെ തടവുശിക്ഷ സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് വിധിച്ചിരുന്നു. 


 

Latest News