Sorry, you need to enable JavaScript to visit this website.

ജി.പി.എസ് വാച്ച് ധരിച്ചവര്‍ക്ക് കൈകളില്‍ വീക്കവും ഛര്‍ദിയും

ശുചീകരണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കിയ ജി.പി.എസ് വാച്ചുകള്‍ വിവാദത്തില്‍

ജോലി സമയത്ത് ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമാക്കിയ ജി.പി.എസ് വാച്ചുകള്‍ കാരണം കൈകളില്‍ വീക്കമുണ്ടാകുന്നുവെന്ന് ചണ്ഡീഗഢിലെ ശുചീകരണ തൊഴിലാളികള്‍. വാച്ചുകള്‍ ധരിച്ചാല്‍ ഛര്‍ദിയുണ്ടാകുന്നുവെന്നും ആരോഗ്യത്തെ ഗുരതരമായി ബാധിക്കുന്നുവെന്നും അവര്‍ പരാതിപ്പെടുന്നു.

മുനിസിപ്പല്‍ കോര്‍പറേഷന്‍ തങ്ങളെ അടിമകളായാണ് കാണുന്നതെന്നും ഈ വാച്ച് ധരിച്ചാല്‍ തങ്ങള്‍ മരിച്ചുപോകുമെന്നും അവര്‍ പറഞ്ഞു. ജി.പി.എസ് വാച്ച് ധരിച്ചിരിക്കണമെന്ന നിബന്ധന രണ്ടാഴ്ചക്കകം പിന്‍വലിച്ചില്ലെങ്കില്‍ സമര രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് ശുചീകരണ തൊഴിലാളികളുടെ യൂനിയന്‍.

പ്രശ്‌നം പരിശോധിക്കുമെന്ന് ഉറപ്പു നല്‍കിയതിനാലാണ് നേരത്തെ സമരത്തില്‍നിന്ന് പിന്മാറിയതെന്നും ഇനി വിട്ടുവീഴ്ചയില്ലെന്നും സഫായി കര്‍മാചാരി യൂനിയന്‍ പ്രസിഡന്റ് കൃഷന്‍ കുമാര്‍ ഛദ്ദ പറഞ്ഞു.
മന്ത്രി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ടാണ് രണ്ടാഴ്ച സമയം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയത്തിനകം ഉത്തരവ് പിന്‍വലിക്കുന്നില്ലെങ്കില്‍ മാലിന്യം ശേഖരിക്കില്ലെന്നും തൊഴിലാളികള്‍ തൂപ്പു ജോലിക്കിറങ്ങില്ലെന്നും അനിശ്ചത കാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും യൂനിയന്‍ മുന്നറിയിപ്പ് നല്‍കി.

ജി.പി.എസ് വാച്ച് ധരിക്കണമെന്ന ഉത്തരവിനെതിരെ ഏതാനും ദിവസം മുമ്പ് ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
ഈ വാച്ചുകള്‍ തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയാണെന്നും പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് മുനിപ്പില്‍ കമ്മീഷണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മുനിസിപ്പല്‍ കോര്‍പറേഷന്‍ വാടകക്കെടുത്ത വാച്ചുകളാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്. ഒരു വാച്ചിന് 467 രൂപയാണ് വാടക. നാലായിരം വാച്ച് വാടകക്കെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കിയ കോര്‍പറേഷന് മാസം 18.68 ലക്ഷം രൂപയാണ് ചെലവ്.
ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുകയാണ് ജി.പി.എസ് വാച്ചുകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സാധാരണ അറ്റന്‍ഡന്‍സ് സംവിധാനം ദുരുപയോഗിക്കുന്നത് തടയാന്‍ ഇതിലൂടെ കഴിയും. യഥാര്‍ഥ തൊഴിലാളികള്‍ യഥാ സമയം ശുചീകരണത്തിലേര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വ്യാജ തൊഴിലാളികളെ മാറ്റിനിര്‍ത്താനും ഇതുവഴി സാധിക്കുമെന്ന് കോര്‍പറേഷന്‍ വിശദീകരിക്കുന്നു.

അതേസമയം, ഈ വാച്ചുകള്‍ തെറ്റായ ലൊക്കേഷനാണ് കാണിക്കുന്നതെന്ന് ഏതാനും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടിട്ടുണ്ട്. തൊഴിലാളി ചണ്ഡീഗഢിലാണെങ്കിലും ചിലപ്പോള്‍ ഉത്തരാഖണ്ഡിലുള്ള വിദൂര പ്രദേശങ്ങളാണ് കാണിക്കുന്നതെന്നാണ് പരാതി.

 

Latest News