കൊല്‍ക്കത്ത- തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഇടഞ്ഞു നിന്ന് മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുമായി ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച മമത ബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സുവേന്ദു ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മന്ത്രി പദവി ഉപേക്ഷിച്ചെങ്കിലും സുവേന്ദു എംഎല്‍എ സ്ഥാനം രാജിവെക്കുകയോ പാര്‍ട്ടി വിടുകയോ ചെയ്തിരുന്നില്ല. സുവേന്ദുവിനെ അനുനയിപ്പിക്കാനുള്ള ചുമതല മുതിര്‍ന്ന പാര്‍ട്ടി എംപി സൗഗത റോയിയെ ആണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഏല്‍പ്പിച്ചിരുന്നത്. സുവേന്ദു പാര്‍ട്ടിയോടൊപ്പം തുടരുമെന്നും ഇതു സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ടെന്നും സൗഗത റോയി അറിയിച്ചു. മറ്റൊരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുദീപ് ബാനര്‍ജി, മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജി എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
നന്ദിഗ്രാം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരി നന്ദിഗ്രാം എംഎല്‍എയാണ്. തൃണമൂലിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച യുവ നേതാവാണ്. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയാണ് സുവേന്ദുവിന്റെ ശക്തി കേന്ദ്രം. ഇവിടുത്തെ തംലുക് മണ്ഡലത്തില്‍ നിന്ന് സുവേന്ദു രണ്ടു തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. നന്ദിഗ്രാം നിയമസഭാ സീറ്റും ഈസ്റ്റ് മിഡ്‌നാപൂരിലാണ്. സുവേന്ദുവിന്റെ അച്ഛനും സഹോദരനും തൃണമൂല്‍ എംപിമാരാണ്. മറ്റൊരു സഹോദരന്‍ തദ്ദേശ സ്ഥാപന ചെയര്‍മാനുമാണ്.