Sorry, you need to enable JavaScript to visit this website.

കര്‍ഷക സമരം: ഹരിയാനയിലും ബിജെപി സഖ്യത്തില്‍ പ്രശ്‌നം പുകയുന്നു, സര്‍ക്കാരിനു ഭീഷണി

ചണ്ഡീഗഢ്- കര്‍ഷക സമരത്തോടുള്ള ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും സമീപനത്തെ ചൊല്ലി ഹരിയാനയിലെ ബിജെപി സഖ്യകക്ഷി ജനനായക് ജനതാ പാര്‍ട്ടി(ജെജെപി)ക്ക് അതൃപ്തി. ഉപമുഖ്യന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിനു പുറമെ ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കര്‍ഷകരോട് കാണിച്ച അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര എംഎല്‍എ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചത്. 

കര്‍ഷകരുടെ പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ കാര്യമായി പരിഗണിക്കണമെന്നും ഉടന്‍ പരിഹാരം കാണമെന്നും ദുഷ്യന്തിന്റെ പിതാവും ജെജെപി അധ്യക്ഷനുമായ അജയ് ചൗട്ടാല പറഞ്ഞു. ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത് ജെജെപിയാണ്. ജെജെപിയുടെ പ്രധാന വോട്ടുബാങ്ക് കര്‍ഷക സമൂഹമായതു കൊണ്ടു തന്നെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ ഭാഗമായ ജെജെപി പ്രതിസന്ധി നേരിടുന്നുണ്ട്. ദല്‍ഹി ചലോ സമരവുമായി ദല്‍ഹിയിലേക്കു പോകുകയായിരുന്ന പഞ്ചാബില്‍ നിന്നും മറ്റുമുള്ള കര്‍ഷകരെ പോലീസിനെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നേരിട്ടതും മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഹൈവെ കുഴിച്ചും അതിര്‍ത്തി അടച്ചും കര്‍ഷകരെ തടഞ്ഞതും ജെജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ഹരിയാന പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചാണ് സമാധാനപരമായി മാര്‍ച്ച് ചെയ്ത കര്‍ഷകരെ തുരത്താന്‍ ശ്രമിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മിനിമം താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പ് കര്‍ഷകര്‍ക്കും നല്‍കണമെന്നും ഇത് കാര്‍ഷിക നിയമത്തില്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അജയ് ചൗട്ടാല ആവശ്യപ്പെട്ടു. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അജയ് ചൗട്ടാലയുടെ സ്വരം മൃദുവാണെങ്കിലും ജെജെപി നേതാക്കള്‍ രൂക്ഷമായാണ് സര്‍ക്കാര്‍ നപടികളെ വിമര്‍ശിക്കുന്നത്. അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന കര്‍ഷകരെ ഹരിയാന സര്‍ക്കാര്‍ ഭീകരരെ നേരിടുന്നതു പോലെയാണ് ആക്രമിക്കുന്നത്. ഇത് അനീതി മാത്രമല്ല, നിരപരാധികളായ കര്‍ഷകരോടുള്ള അതിക്രമമാണെന്ന് ജെജെപി എംഎല്‍എ ജോഗി രാം സിഹാഗ് പറഞ്ഞു. സര്‍ക്കാര്‍ കാര്‍ഷിക നിയമം റദ്ദാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന ഹൗസിങ് ബോര്‍ഡിലെ പദവിയും സിഹാഗ് വേണ്ടെന്നു വച്ചു. ഉപമുഖ്യമന്ത്രി ദുഷ്യന്തിന്റെ സഹോദരനും ജെജെപി നേതാവുമായ  ദിഗ്‌വിജയ് ചൗട്ടാലയും പാര്‍ട്ടിയുടെ അതൃപ്തി ഒരു വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
 

Latest News