ന്യൂദല്‍ഹി- 'ദല്‍ഹി ചലോ' പ്രക്ഷോഭവുമായി ദല്ഹിയലെത്തിയത് 500ലേറെ കര്‍ഷക സംഘടനകളുടെ പ്രവര്‍ത്തകരാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇന്നു ചര്‍ച്ചയ്ക്കു ക്ഷണിച്ചത് 32 സംഘടനാ നേതാക്കളെ മാത്രം. ബാക്കിയുള്ളവരെ വിളിച്ചിട്ടില്ല. എല്ലാ സംഘടനകളേയും വിളിക്കുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുഖ്വീന്ദര് സിങ് സഭ്രന് പറഞ്ഞു.
നിര്‍ണായ പോരാട്ടത്തിനു വേണ്ടിയാണ് തങ്ങള്‍ ദല്ഹിയിലെത്തിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി ഞങ്ങളുടെ മന് കി ബാത്ത് കേള്‍ക്കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സിംഘു, തിക്രി അതിര്‍ത്തികളില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ശക്തമായ ഉപരോധം തുടരുകയാണ്. ഇവിടെ തിങ്കളാഴ്ച പ്രക്ഷോഭം സമാധാനപരമായിരുന്നു.
ദല്‍ഹിയുടെ ഹിരായന, യുപി അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. എല്ലായിടത്തും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.