ന്യൂദല്‍ഹി- ദല്‍ഹിയിലേക്കു പ്രവേശിക്കുന്ന പ്രധാന ഹൈവേകളില്‍ കര്‍ഷകര്‍ ഉപരോധം ശക്തമാക്കുകയും കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി ചര്‍ച്ചയ്ക്ക് തയാറായി. ഡിസംബര്‍ മൂന്നിന് നിശ്ചിയിച്ചിരുന്ന ചര്‍ച്ച ഇന്ന് വൈകീട്ട് മൂന്നിന് നടക്കുമെന്നും ഉപാധികളില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ രാത്രി വൈകി അറിയിച്ചു. കര്‍ഷക യൂണിയന്‍ നേതാക്കളെ മന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചു. യാതൊരു ഉപാധികളില്ലെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു തവണയാണ് കൃഷി മന്ത്രി തോമറുമായി ചര്‍ച്ച നടത്തിയത്. ഇതിനു ശേഷമാണ് ചൊവ്വാഴ്ച തന്നെ ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്.
ഗുരു നാനക് ജയന്തി ആഘോഷത്തിനു ശേഷം കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് ചൊവ്വാഴ്ച എത്തുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്ക് പ്രവേശിക്കുന്ന അഞ്ചു പ്രധാന ഹൈവേകളിലും അതിര്‍ത്തി തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഹരിയാന-ദല്‍ഹി അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിലെ ഹൈവേകള്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് തമ്പടിച്ചിരിക്കുന്നത്. യുപി-ദല്‍ഹി അതിര്‍ത്തിയിലെ ഗാസിപ്പൂരിലും ഹൈവെ ഉപരോധം ശക്തിപ്പെട്ടു വരുന്നു. തങ്ങളുടെ ആവശ്യ അംഗീകരിച്ചില്ലെങ്കില്‍ സോനിപത്ത്, റോത്തക്, ജയ്പൂര്‍, ഗാസിയാബാദ്-ഹാപൂര്‍, മഥുര പാതകള്‍ തടയുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.