കൊച്ചി- നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാന്‍ ഭരണപ്രതിപക്ഷ കേന്ദ്രങ്ങളിലെ ഉന്നതര്‍ ശ്രമിച്ചെന്ന് സിപിഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐഎഎല്‍). കേസ് അട്ടിമറിക്കാന്‍ ദുബായില്‍ ഗൂഢാലോചന നടന്നു. അതില്‍ പ്രതിപക്ഷ നേതാക്കളും പങ്കാളികളായി. ക്രിമിനല്‍ കേസുകള്‍ വിജയകമായി നടത്തി കഴിവുതെളിയിച്ച പ്രോസിക്യൂഷന്‍ ടീമിനെയാണ് ഈ കേസുകളിലേക്ക് നിയോഗിക്കേണ്ടിയിരുന്നതെന്നും സംഘടന പറയുന്നു.പ്രതിയായ നടന്റെ അടുത്ത സുഹൃത്തുക്കളെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാന്‍ അവസരം നല്‍കിയെന്നും ഐഎഎല്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. വാര്‍ത്താക്കുറിപ്പ് പുറത്തുവന്നു അല്‍പ സമയത്തിനകം വാര്‍ത്താക്കുറിപ്പ് ഐഎഎല്‍ പിന്‍വലിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പിന്‍വലിച്ചതെന്നാണ് സൂചന. തുടര്‍ന്ന് വാര്‍ത്താക്കുറിച്ച് സംഘടനയുടെ ഔദ്യോഗിക പേജില്‍ മാത്രം പ്രസിദ്ധീകരിച്ചു. ഐഎഎല്ലിന്റെ സംസ്ഥാനാധ്യക്ഷനും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കെപി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി സിബി സ്വാമിനാഥന്‍ എന്നിവരുടെ പേരിലായിരുന്നു വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയിരുന്നത്. കേസിന്റെ ആദ്യഘട്ടം മുതല്‍ കേസ് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തി. പ്രതിയായ നടന്‍, എംഎല്‍എ, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോണ്‍കോളുകള്‍ പരിശോധിക്കണം. വിചാരണ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നടപടിയെ വിമര്‍ശിച്ചുമായിരുന്നു വാര്‍ത്താക്കുറിപ്പ്.
കോടതിയില്‍നിന്നും നീതി ലഭിക്കില്ലെന്ന് പ്രോസിക്യൂഷന് തോന്നിയിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ത്തന്നെ അക്കാര്യം മേല്‍ക്കോടതിയെ അറിയിക്കേണ്ടതായിരുന്നെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ച് കൂറുമാറിയതിന് ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ഐഎഎല്‍ പറഞ്ഞു.അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോട് ചോദിക്കേണ്ടതായ ചോദ്യങ്ങള്‍ക്ക് നിയമം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ അത്തരം ചോദ്യങ്ങള്‍ കോടതി അനുവദിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു.
മുഖ്യപ്രതിയായ ദിലീപിന് മാത്രം ജാമ്യം അനുവദിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. അതുമാത്രമല്ല ദിലീപിനെ തുടര്‍ച്ചയായി വിദേശത്ത് പോകാനും കോടതി അനുവദിച്ചു-സംഘടന പറഞ്ഞു.